ഹൃത്വിക് റോഷനും സാറ അലി ഖാനുമൊപ്പം ധനുഷും; വെള്ളിത്തിരയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രം
തമിഴ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ താരമാണ് ധനുഷ്. തെന്നിന്ത്യ ഒന്നാകെ താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ താരത്തിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഹൃത്വിക് റോഷനും സാറ അലി ഖാനുമൊപ്പമാണ് ധനുഷ് വീണ്ടും ബോളിവുഡിൽ എത്തുന്നത്. ആനന്ദ് എൽ റായി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് താരം എത്തുന്നത്. ധനുഷിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പുതിയ വെളിപ്പെടുത്തൽ.
ആനന്ദ് എല്‍ റായിയുടെ തന്നെ രാഝന എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി ബോളിവേഡിൽ അരങ്ങേറിയത്. 2015ല്‍ അമിതാഭ് ബച്ചനൊപ്പം ഷമിതാഭ് എന്ന ചിത്രത്തിലും ധനുഷ് അഭിനയിച്ചിരുന്നു.
അതേസമയം ധനുഷിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് അസുരൻ, പാട്ടാസ് എന്നിവ. തമിഴിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച കൂട്ടുകെട്ടാണ് സംവിധായകൻ വെട്രിമാരൻ നടൻ ധനുഷ് എന്നിവരുടേത്. ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് അസുരൻ. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മഞ്ജു വാര്യരും എത്തുന്നുണ്ട്. ‘പൂമണിയുടെ വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്
ദുരൈ സെന്തില്‍കുമാര്‍ ഒരുക്കുന്ന ചിത്രമാണ് “പട്ടാസ്”. കൊടി എന്ന ചിത്രത്തിന് ശേഷം ധനുഷും, സെന്തില്‍കുമാറും ഒരുമിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ ഡബിൾ റോളിലാണ് ധനുഷ് എത്തുന്നത്.അച്ഛനായും മകനായുമാണ് ചിത്രത്തിൽ താരം എത്തുന്നത്.
2002 ലാണ് ചലച്ചിത്ര രംഗത്തേക്കുള്ള ധനുഷിന്റെ അരങ്ങേറ്റം. കസ്തൂരിരാജ സംവിധാനം നിര്‍വ്വഹിച്ച ‘തുള്ളുവതോ ഇളമൈ’ എന്നതായിരുന്ന ധനുഷിന്റെ ആദ്യ ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു ഈ ചിത്രം. മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ വഴിതെറ്റിപ്പോകുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കഥയായിരുന്നു ഈ ചിത്രത്തിന്റെ മുഖ്യ പ്രമേയം. തുടര്‍ന്ന് ‘കാതല്‍ കൊണ്ടേന്‍’ എന്ന ചിത്രത്തിലും തികച്ചും വിത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ധനുഷ് ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടി. 2003 ല്‍ പുറത്തിറങ്ങിയ തിരുടാ തിരുടി എന്ന ചിത്രത്തിലാണ് നായകപ്രാധാന്യമുള്ള കഥാപാത്രത്തെ ധനുഷ് ആദ്യമായി അവതരിപ്പിക്കുന്നത്.
‘ആടുകളം’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2010- ല്‍ മികച്ച നടനുള്ള പുരസ്കാരവും ധനുഷിന് ലഭിച്ചിട്ടുണ്ട്. ഡ്രീംസ്, ദേവതയെ കമ്ടേന്, കനാക്കാലം, വിളയാടല് ആരംഭം, പൊല്ലാതവന്, യാരടി നീ മോഹിനി, പഠിക്കാതവന്, ഉത്തമപുത്തിരന്‍, ശീടന്‍, മാപ്പിളൈ, വടചെന്നൈ, മാരി 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയനായി. വെട്രിമാരന് സംവിധാനം നിര്‍വ്വഹിച്ച മാരി 2 ആണ് ധനുഷിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.