മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതകഥ വെള്ളിത്തിരയിലേയ്ക്ക്; ‘രാമസേതു’ ഫസ്റ്റ്‌ലുക്ക്

July 24, 2019

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേയ്‌ക്കെത്തുന്നു. ജയസൂര്യ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തും. വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരേഷ് ബാബുവാണ് ചിത്രത്തിനു വേണ്ടിയുള്ള തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണനാണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഇന്ദ്രന്‍സും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

രാമസേതു എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. നേരത്തെ കൊച്ചി മെട്രോയെ പശ്ചാത്തലമാക്കി ‘അറബിക്കടലിന്റെ റാണി’ എന്ന സിനിമയുടെ ആലോചന നടന്നിരുന്നു. എന്നാല്‍ പിന്നീട് ആ തിരക്കഥ മാറ്റിയെഴുതി ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേയ്‌ക്കെത്തിയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ഇ ശ്രീധരനോടുള്ള ആദരം എന്ന നിലയ്ക്കാണ് രാമസേതു എന്ന ചിത്രം ഒരുക്കുന്നത്.

സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ തുടങ്ങുമെന്നാണ് സൂചന. 1964 ലെ പാമ്പന്‍ പാലം പുനര്‍നിര്‍മ്മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഇ ശ്രീധരന്റെ ഔദ്യോഗിക ജീവിതകാലമാണ് ചിത്രത്തിന് പ്രമേയമാകുന്നത്. മുപ്പത് വയസുകാരനായ ഇ ശ്രീധരനായ എണ്‍പത്തേഴുകാരനായ ഇ ശ്രീധരനായും ജയസൂര്യ തന്നെയായിരിക്കും വേഷമിടുക എന്നാണ് സൂചന.

പാമ്പന്‍ പാലത്തിനും കൊച്ചി മെട്രോയ്ക്കും പുറമെ കൊച്ചി കപ്പല്‍ശാല, കൊങ്കണ്‍, ഡല്‍ഹി മെട്രോ എന്നിവയുടെയെല്ലാം നിര്‍മ്മാണ കാലങ്ങള്‍ സിനിമയുടെ ഭാഗമാകും. 2020 ഏപ്രില്‍ മാസത്തോടെ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് സൂചന.