സൂക്ഷിക്കണം; ഇത്തരം വേദനകളെ
അനുദിനം ജീവിതസാഹചര്യങ്ങള്‍ മാറിവരുമ്പോള്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പല്ലുവേദന, കാലുവേദന, നടുവേദന, വയറുവേദന ഇങ്ങനെ നീളുന്നു ഓരോരുത്തരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. എന്നാല്‍ ഇത്തരം വേദനകളെ അത്ര നിസാരമായി കരുതേണ്ട. ചിലവേദനകള്‍ പലപ്പോഴും മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങളാവാം.
തലവേദന
പലരെയും ഇന്ന് അലട്ടുന്ന ഒരു പ്രശ്‌നമാണ് തലവേദന. എന്നാല്‍ സഹിക്കാന് വയ്യാത്ത തരത്തില്‍ കഠിനമായ തലവേദനയുണ്ടെങ്കില്‍ അതിനെ നിസാരമാക്കരുതെ. ഒരുപക്ഷെ ബ്രെയ്ന്‍ അന്യൂറിസം ആവാം ഇത്തരം തലവേദനകളുടെ കാരണം. കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ തലച്ചോറിലെ രക്തശ്രാവത്തിലേക്ക് ഇത്തരം തലവേദനകള്‍ വഴിതെളിച്ചേക്കാം. ബ്രെയ്ന്‍ ട്യൂമറിന്റെ ലക്ഷണമാണ് വിട്ടുമാറാത്ത തലവേദന.
കൈവിരലുകളിലെ വേദന
കംപ്യൂട്ടര്‍ അധിഷ്ഠിതമായ ജോലി ചെയ്യുന്നവരിലാണ് കൈവിരലുകളില്‍ കൂടുതലായും വേദന കണ്ടുവരാറ്. തുടര്‍ച്ചയായി കൈവിരലുകളില്‍ വേദനയുണ്ടാകാറുണ്ടെങ്കില്‍ കൃത്യമായ വൈദ്യസഹായം തേടുന്നതാണ് നല്ലത്. ചികിത്സിക്കാതിരുന്നാല്‍ കൈകളിലെ പേശികള്‍ ചുരുങ്ങുകയും തന്മൂലം കൈകകളുടെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെടുകയും ചെയ്‌തേക്കാം.
നടുവേദന
കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവരില്‍ നടുവേദനയ്ക്കുള്ള സാധ്യത കൂടുതലാണ്. നടുവേദനയെ അവഗണിക്കുന്നത് അത്ര നല്ലതല്ല. കിഡ്‌നിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെങ്കിലും നടുവേദന ഉണ്ടാകാറുണ്ട്. അതുപോലെതന്നെ നട്ടെല്ലിലെ തേയ്മാനവും കഠിനമായ നടുവേദനയിലേക്ക് വഴിതെളിക്കും. കൃത്യമായ സമയത്ത് വൈദ്യസഹായം തേടുന്നതാണ് കൂടുതല്‍ ഉത്തമം.
നെഞ്ചുവേദന
ഹൃദയാഘാതത്തിന്റെ ലക്ഷണമാണ് നെഞ്ചുവേദന. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടുന്നതാണ് നല്ലത്.
വയറുവേദന
പലതരം കാരണങ്ങളാല്‍ വയറുവേദന ഉണ്ടാകാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകാറുള്ള വയറുവേദനയെ അത്ര നിസാരമാക്കരുത്. വയറിന്റെ താഴെ വലത്തുഭാഗത്തായി വരുന്ന വേദന അപ്പന്‍ഡിസൈറ്റിസിന്റെ ലക്ഷണമാവാം. വയറുവേദന കടുത്തതാണെങ്കില്‍ കൃത്യമായി ചികിത്സ ലഭ്യമാക്കണം.
കാല്‍വേദന
കാല്‍മുട്ടുകളിലുണ്ടാകുന്ന വേദന, കാല്‍പാദങ്ങളില്‍ ഉണ്ടാകുന്ന വേദന തുടങ്ങി കാലുകളില്‍ ഉണ്ടാകുന്ന വേദനകള്‍ പലവിധമാണ്. ഇത്തരം വേദനകളും പലപ്പോഴും ചില രോഗങ്ങളുടെ സൂചനകളും ലക്ഷണങ്ങളുമാണ്. അതിനാല്‍ കൃത്യസമയത്ത് വൈദ്യസഹായം തേടുക.