ആവേശപ്പോരാട്ടത്തിനൊടുവില്‍ ഇന്ത്യക്ക് കാലിടറി; ഇംഗ്ലണ്ടിന് വിജയം
ഏറെ ആവേശം നിറഞ്ഞതായിരുന്നു ലോകകപ്പിലെ ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം. എന്നാല്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ പടയ്ക്ക് കാലിടറി. ഇംഗ്ലീഷ് പട വിജയിച്ചു. അതും 31 റണ്‍സിന്റെ ഉജ്ജ്വല വിജയം. ഇതോടെ സെമി ഫൈനലിലേക്കുള്ള ഇംഗ്ലണ്ടിന്റെ ദൂരം ഒരു മുഴം കുറഞ്ഞു. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായിരുന്നു ഇന്നലെ നടന്ന മത്സരം. ഇന്ത്യയോട് തോല്‍വി സമ്മതിക്കേണ്ടി വന്നാല്‍ ലോകകപ്പ് എന്ന സ്വപ്നംതന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന സാഹചര്യം. പക്ഷെ വിട്ടുകൊടുക്കാന്‍ ഇംഗ്ലീഷ് പട തയാറായിരുന്നില്ല. ആര്‍ത്തലയ്ക്കുന്ന കൊടുങ്കാറ്റുപോലെ ഇംഗ്ലണ്ടിലെ താരങ്ങള്‍ ബാറ്റുവീശി. റണ്‍മഴ പെയ്തു.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കത്തോടെ റണ്‍സ് വാരിക്കൂട്ടാന്‍ തുടങ്ങി ടീം. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക ഈ ലക്ഷ്യം മറികടക്കാനായില്ല. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് എടുത്ത് ഇന്ത്യയ്ക്ക് കളം വിടേണ്ടിവന്നു.എങ്കിലും ഇന്ത്യന്‍ ടീമിനോ ആരാധകര്‍ക്കോ കാര്യമായ നിരാശയില്ല എന്നതാണ് വാസ്തവം. ഇംഗ്ലീഷ് പടയോട് തോല്‍വി സമ്മതിച്ചെങ്കിലും ഏഴ് കളിയില്‍ നിന്നുമായി 11 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇന്ത്യയുടെ സെമി സാധ്യതകളെ ഈ തോല്‍വി കാര്യമായി ബാധിക്കില്ലെന്ന സാരം. എന്നാല്‍ ഇന്ത്യ ഇംഘ്ലണ്ടിനോട് തോറ്റതോടെ പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളുടെ സെമി സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണു.
ബാറ്റിങിന്റെ തുടക്കം മുതല്‍ക്കെ മിടുക്ക് പുലര്‍ത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചു. ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ നേടിയ 111 റണ്‍സ് ഇംഗ്ലണ്ട് ടീമിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. 79 റണ്‍സ് അടിച്ചെടുത്ത ബെന്‍ സ്റ്റോക്സ്, 66 റണ്‍സെടുത്ത ജെയ്സന് റോയ്, 44 റണ്‍സെടുത്ത ജോ റൂട്ട് തുടങ്ങിയവരും ഇംഗ്ലണ്ടിന്റെ വിജയത്തിന് മാറ്റുകൂട്ടി. ഇംഗ്ലണ്ടിനായി പ്ലങ്കറ്റ് മൂന്നും ക്രിസ് വോക്സ് രണ്ടും വിക്കറ്റുകള്‍ നേടി.മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പാളിച്ചകളോടെയായിരുന്നു. ഓപ്പണര്‍മാരില്‍ ഒരാളായ ലോകേഷ് രാഹുലിന് രണ്സ് ഒന്നും എടുക്കാതെതന്നെ കളം വിടേണ്ടിവന്നു. രോഹിത് ശര്‍മ്മ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യയ്ക്ക് വിജയിക്കാനായില്ല. നായകന് വിരാട് കോഹ്ലി 66 റണ്‍സും ഋഷഭ് പന്ത് 32 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 45 റണ്‍സും നേടി കളം വിട്ടു. മികച്ച രീതിയില്‍ ധോണി കളി അവസാനിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ധോണിക്കും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 42 റണ്‍സ് എടുത്ത് ധോണിയും 12 റണ്‍സ് എടുത്ത് കേദാര്‍ ജാദവും പുറത്താകാതെ നിന്നു.അതേസമയം ഇന്നലെ നടന്ന മത്സരത്തിലും മുഹമ്മദ് ഷമി ഹീറോ ആയി. ഇന്ത്യയ്ക്കായി അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നുമായി 13 വിക്കറ്റ് താരം നേടി. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.