ചാനൽ മേധാവിയായി ജയസൂര്യ; പുതിയ ചിത്രം ഒരുങ്ങുന്നു

July 29, 2019

അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ജയസൂര്യ നായകനായി എത്തിയ ചിത്രങ്ങളെല്ലാം മികച്ച വിജയമാണ് വെള്ളിത്തിരയിൽ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാനും കാത്തിരിക്കുകയാണ് ആരാധകർ. പ്രശോഭ് വിജയൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിലാണ് ജയസൂര്യ നായകനായി എത്തുന്നത്. മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയമായ ചിത്രമായിരുന്നു പ്രശോഭ് വിജയന്‍ എന്ന നവാഗത സംവിധായകന്റെ ‘ലില്ലി’. ഇപ്പോഴിതാ മറ്റൊരു ചിത്രവുമായി താരമെത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ചലച്ചിത്ര ലോകം.

ഇ ഫോര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറിലാണ് പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം. ഫ്രാന്‍സിസ് തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അന്വേഷണം എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. സെപ്റ്റംബറില്‍ ചിത്രം തീയറ്ററുകളിലെത്തും എന്നാണ് സൂചന.

കൊച്ചിയിലെ ചാനല്‍ മേധാവിയായ അരവിന്ദിന്റെ വേഷത്തിലാണ് ചിത്രത്തിൽ  ജയസൂര്യ എത്തുന്നത്. അവിടത്തെ തന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടറായ ഗൗതം അരവിന്ദിന്റെ ആത്മസുഹൃത്താണ്. ഇരുവരും കണ്ടുമുട്ടുന്നതും തുടര്‍ന്ന് ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

അതേസമയം ജയസൂര്യ നായകനായെത്തുന്ന മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവും അടുത്തിടെ നടന്നിരുന്നു. മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഇത്. വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരേഷ് ബാബുവാണ് ചിത്രത്തിനു വേണ്ടിയുള്ള തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണനാണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഇന്ദ്രന്‍സും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രാമസേതു എന്നാണ് ചിത്രത്തിന്റെ പേര്.

Read more: ‘ബറോസി’ൽ സ്പാനിഷ് താരങ്ങളും; ചിത്രത്തിന്റെ വിശേഷങ്ങളുമായി മോഹൻലാൽ

നേരത്തെ കൊച്ചി മെട്രോയെ പശ്ചാത്തലമാക്കി ‘അറബിക്കടലിന്റെ റാണി’ എന്ന സിനിമയുടെ ആലോചന നടന്നിരുന്നു. എന്നാല്‍ പിന്നീട് ആ തിരക്കഥ മാറ്റിയെഴുതി ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേയ്‌ക്കെത്തിയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ഇ ശ്രീധരനോടുള്ള ആദരം എന്ന നിലയ്ക്കാണ് രാമസേതു എന്ന ചിത്രം ഒരുക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തില്‍ ലില്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.