വീണ്ടും ഹരിശങ്കര്‍ മാജിക്; കൈയടി നേടി ‘കക്ഷി അമ്മിണിപിള്ള’യിലെ ഗാനം

July 15, 2019

ചിലരങ്ങനാണ്, എന്തു ചെയ്താലും അതെപ്പോഴും ഹിറ്റ്. ഹരിശങ്കറിന്റെ കാര്യവും അങ്ങനെ തന്നെ. കക്ഷി ഏത് പാട്ട് പാടിയാലും സൂപ്പര്‍ ഹിറ്റ്. പാട്ടില്‍ ഒരുതരം മാന്ത്രികത കൊണ്ടുവരാന്‍ ഈ ഗായകന് കഴിയുന്നു. അതുകൊണ്ടാണല്ലോ ഹരിശങ്കറിന്റെ പാട്ടുകള്‍ ആസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതും. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഗായകന്‍ കെ എസ് ഹരിശങ്കര്‍ ആലപിച്ച പുതിയൊരു ഗാനം. ‘കക്ഷി അമ്മിണിപിള്ള’ എന്ന ചിത്രത്തിലെ ‘അവള്‍ വരും…’ എന്നു തുടങ്ങുന്ന ഗാനം. റഫീഖ് അഹമ്മദിന്റെ മനോഹരമായ വരികളും ഗാനത്തിന്റെ മാറ്റുകൂട്ടുന്നു. അരുണ്‍ മുരളീധരനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

അതിമനഹോരമായ ആലാപനമാധുര്യംകൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനാണ് കെ എസ് ഹരിശങ്കര്‍. മെലോഡിയസ് ആയിട്ടുള്ള ഹരിശങ്കറിന്റെ ആലാപനം മഴ പോലെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു. ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലെ നിലാവും മായുന്നു…, ‘അനാര്‍ക്കലി’ എന്ന ചിത്രത്തിലെ വാനം ചായും…, ‘തീവണ്ടി’ എന്ന സിനിമയിലെ ജീവാംശമായി…., ‘അതിരന്‍’ എന്ന ചിത്രത്തിലെ പവിഴ മഴയെ… തുടങ്ങിയ സുന്ദര ഗാനങ്ങളെല്ലാം ഹരിശങ്കറിന്റെ ആലാപനത്തില്‍ എടുത്തുപറയേണ്ടവയാണ്.

Read more:2019 ലോകകപ്പിലേക്കുള്ള ഇംഗ്ലണ്ടിന്റെ യാത്ര ഇങ്ങനെ…

അഭിനയ മികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായ മലയാളികളുടെ പ്രിയതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതും. ദിന്‍ജിത്ത് അയ്യത്താനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തില്‍ ഒരു വക്കീല്‍ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. താരത്തിന്റെ ആദ്യ വക്കീല്‍ കഥാപാത്രമാണ് ചിത്രത്തിലേത്. സനിലേഷ് ശിവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.