‘കല്‍ക്കി’യിലെ ആ കിടിലന്‍ ‘ബിജിഎം ന് പിന്നിലുമുണ്ട് ഒരു കഥ

July 15, 2019

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കല്‍ക്കി’. അടുത്തിടെ ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങിയിരുന്നു. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും സസ്‌പെന്‍സുമെല്ലാം നിറച്ച ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യമായി. കല്‍ക്കിയുടെ ടീസറില്‍ ശ്രദ്ധ നേടിയ മറ്റൊന്നുകൂടിയുണ്ട്. ടീസറിലെ ബിജിഎം. നിമിഷങ്ങള്‍ക്കൊണ്ടുതന്നെ ഈ മനോഹര ബിജിഎം ആസ്വാദകന്റെ ഹൃദയത്തില്‍ ഇടം നേടി. ഇപ്പോഴിതാ ഈ ബിജിഎമ്മിന്റെ പിറവിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് കല്‍ക്കിയുടെ സംഗീത സംവിധായകന്‍ ജെയ്ക്‌സ് ബിജോയ്.

”മുന്‍പൊരു ദിവസം ബന്ധു വീട്ടിലെ പെരുന്നാള്‍ കൂടുന്നതിനിടയ്ക്ക് ഞാന്‍ പോയ തീയേറ്ററില്‍ നിന്നാണ് കല്‍ക്കിയുടെ ബിജിഎം ജനിക്കുന്നത്. ഇരിഞ്ഞാലക്കുട എം സിനിമാസില്‍ വെയ്റ്റ് ചെയ്യുകയായിരുന്ന ഞാന്‍ പെട്ടെന്നാണ് ബ്ലൂംസ് നാസിക്ക് ധോളിലെ കുറച്ചു പയ്യന്മാര്‍ അവരെക്കാള്‍ വലിയ ഡ്രം ഒക്കെ ആയി കൊട്ടി വരുന്നത് കണ്ടത്. അപ്പോള്‍ തന്നെ സുഹൃത്ത് ജ്യോതിഷിനോട് റെക്കോര്‍ഡ് ചെയ്യാന്‍ പറഞ്ഞു. പുള്ളി ഉടനെ ചേതന സ്റ്റുഡിയോയിലെ സൗണ്ട് എന്ജിനീയേഴ്‌സ് ആയ സജി ആര്‍ ചേട്ടനും ഗണേഷ് മാരാര്‍ ചേട്ടന്‍, കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം അത് റെക്കോര്‍ഡ് ചെയ്തു തരികയും ഉണ്ടായി. അങ്ങനെയാണ് ഇപ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്ന, ഒരുപാട് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ കല്‍ക്കിയുടെ ബിജിഎം ഉണ്ടായത്.” ജെയ്ക്‌സ് ബിജോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read more:‘ജാതിക്കാത്തോട്ടം… എജ്ജാതി നിന്‍റെ നോട്ടം….’; ഹൊ എന്തൊരു ഫീലാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ഈ പാട്ട്

നവാഗതനായ പ്രവീണ്‍ പ്രഭാകരമാണ് കല്‍ക്കി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് കല്‍ക്കി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം.

ചിത്രത്തില്‍ ഒരു പൊലീസുകാരന്റെ വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന് സമാനമായ കഥാപാത്രത്തെയാണ് കല്‍ക്കി എന്ന ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്, വിനാശത്തിന്റെ മുന്നോടിയായെത്തുന്ന ആളാണ് പുരാണത്തിലെ കല്‍ക്കി എന്ന അവതാരം. ചിത്രത്തിലെ ടൊവിനോ കഥാപാത്രത്തിന് കല്‍ക്കിയെന്ന അവതാരവുമായി സമാനതകളുണ്ടെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു.