“ഈ മൈത്രി ഇനി ഇവിടെ വേണ്ട”; ആക്ഷനും സസ്പെന്‍സും നിറച്ച് ‘കല്‍ക്കി’ ടീസര്‍
കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായ താരമാണ് ടൊവിനോ തോമസ്. റൊമാന്സും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. മലയാളികളുടെ ഇമ്രാന് ഹാഷ്മി എന്നു പോലും പലരും വിശേഷിപ്പിക്കാറുണ്ട് ടൊവിനോയെ. സൗമ്യതയോടും സ്നേഹത്തോടും ആരാധകരോടുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിട്ടുണ്ട്. അത്രമേല്‍ ജനകീയനായ ഒരു നടന്‍കൂടിയാണ് ടൊവിനോ. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കല്‍ക്കി. കല്‍ക്കിയുടെ ടീസര്‍ പുറത്തിറങ്ങി. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ടീസറില്‍ ഇടം നേടിയിട്ടുണ്ട്.
കല്‍ക്കിയുടെ ലൊക്കേഷന്‍ ചിത്രങ്ങളും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ മേയ്ക്ക്ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. വലിയ മീശയുള്ള ഒരാളായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
നവാഗതനായ പ്രവീണ്‍ പ്രഭാകരമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് കല്‍ക്കി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം.
ചിത്രത്തില്‍ ഒരു പൊലീസുകാരന്റെ വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്. ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന് സമാനമായ കഥാപാത്രത്തെയാണ് കല്‍ക്കി എന്ന ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്, വിനാശത്തിന്റെ മുന്നോടിയായെത്തുന്ന ആളാണ് പുരാണത്തിലെ കല്‍ക്കി എന്ന അവതാരം. ചിത്രത്തിലെ ടൊവിനോ കഥാപാത്രത്തിന് കല്‍ക്കിയെന്ന അവതാരവുമായി സമാനതകളുണ്ടെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു.