കിടിലന്‍ ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍; ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ ട്രെയ്‌ലര്‍

July 29, 2019

മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ ലുക്ക് പുറത്തെത്തുന്നത് അടുത്തിടെയാണ്. ഡെസില്‍ പെരിയ സ്വാമിയാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഋതു വര്‍മ്മയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. സസ്‌പെന്‍സും പ്രണയവുമെല്ലാം ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ഇടം നേടിയിട്ടുണ്ട്.

അതേസമയം മലയാളത്തിനു പുറമെ മറ്റ് ഭാഷാ ചലച്ചിത്രങ്ങളിലും ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന സിനിമയ്ക്കുണ്ട്. കെ എം ഭാസ്‌കരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഡല്‍ഹി, ഗോവ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം. ചിത്രത്തില്‍ ഐടി പ്രൊഫഷണലായ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്.

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രവും റിലീസിങിന് ഒരുങ്ങുകയാണ്. ‘ദ് സോയ ഫാക്ടര്‍’ എന്ന ചിത്രം സെപ്തംബറില്‍ തീയറ്ററുകളിലെത്തും. ഈ ചിത്രത്തിനു വേണ്ടിയുള്ള ദുല്‍ഖര്‍ സല്‍മാന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് താരങ്ങളെ ഓര്‍മ്മപ്പെടുത്തും വിധമാണ് ചിത്രത്തിനുവേണ്ടിയുള്ള താരത്തിന്റെ പുതിയ ലുക്ക്. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. വിത്യസ്തമായ ഹെയര്‍സ്‌റ്റൈലിലും കാതു കുത്തിയുമാണ് ദുല്‍ഖര്‍ പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സോനം കപൂറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഫോക്‌സ് സ്റ്റാര്‍ ഇന്ത്യയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിഖില്‍ എന്നാണ് ദ് സോയ ഫാക്ടര്‍ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അഭിഷേക് ശര്‍മ്മയാണ് ‘ദ് സോയ ഫാക്ടര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. അനുജ ചൗഹാന്‍ രചിച്ച ‘ദ് സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചലച്ചിത്രം.