‘കാസിമിന്‍റെ കടല്‍’ ഒരുങ്ങുന്നു; സംവിധാനം ശ്യാമപ്രസാദ്

July 26, 2019

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘കാസിമിന്റെ കടല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. അതേസമയം കാസിമിന്റെ കടല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

ജനിച്ചുവളര്‍ന്ന നാട്ടില്‍ തന്റെ അവസാന നാളുകള്‍ ചെലവിടണമെന്ന വാപ്പയുടെ ആഗ്രഹപ്രകാരം വലിയൊരു നഗരത്തില്‍നിന്ന് ചെറിയൊരു കടലോരപ്പട്ടണത്തിലേക്ക് പറിച്ചുനടപ്പെടുന്ന കാസിം എന്ന കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാര ജേതാവ് അനീസ് സലീമിന്റെ ‘എ സ്‌മോള്‍ ടൗണ്‍ സീ’ എന്ന നോവലിനെ ആസ്പദമാക്കി കൊണ്ടാണ് കാസിമിന്റെ കടല്‍ ഒരുക്കുന്നത്. അനീസ് സലീമിന്റെ തന്നെ ജന്മനാടായ വര്‍ക്കലയിലാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ശ്യാമപ്രസാദ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഛായാഗ്രാഹകനും സംവിധായകനുമായ ശ്യാംദത്തിന്റെ മകന്‍ തഷി ശ്യാംദത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവനടന്‍ ഹരീഷ് ഉത്തമനാണ് സിനിമയില്‍ കാസിമിന്റെ പിതാവായി എത്തുന്നത്. മുംബൈ പൊലീസ്, മായാനദി, തനി ഒരുവന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് ഹരീഷ് ഉത്തമന്‍. ഇവര്‍ക്കു പുറമെ ആര്യ സലീം, നിരഞ്ജന്‍, കൂത്താട്ടുകുളം ലീല, മായ, കൃഷ്ണപ്രിയ നസീര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മനോജ് നരേയ്‌നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Read more:‘ഇട്ടിമാണി’യായി മോഹന്‍ലാല്‍; ചിത്രത്തിന്‍റെ ചില അണിയറക്കാഴ്ചകളും വിശേഷങ്ങളും: വീഡിയോ

ശ്രദ്ധേയമായ നിരവധി ടെലിവിഷന്‍ ഫിലിമുകളും ചലച്ചിത്രങ്ങളും സംവിധാനം ചെയ്ത ശ്യാമപ്രസാദ് നാടകരംഗത്തു നിന്നുമാണ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. നേമം എം.എല്‍.എ.യും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാലിന്റെ മകനാണ് ഇദ്ദേഹം. 1998ല്‍ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാരംഗത്തു ചുവടുറപ്പിച്ച ഇദ്ദേഹം ഇതുവരെ പതിനഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മിക്കവയും വന്‍ ജനപ്രീതി നേടിയവയാണ്. അഗ്‌നിസാക്ഷി (1999), അകലെ (2004), ഒരേ കടല്‍ (2007), ഋതു (2009), ഇലക്ട്ര (2010), അരികെ (2012), ഇംഗ്ലീഷ് (2013) തുടങ്ങിയവയാണ് ശ്യാമപ്രസാദിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍.