‘കെ ജി എഫ്’ രണ്ടാം ഭാഗം; വില്ലനായി സഞ്ജയ് ദത്ത്, ഏറ്റെടുത്ത് ആരാധകർ

July 29, 2019

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറിയ ചിത്രമാണ് കെ ജി എഫ്.  യാഷ് നായകനായി എത്തിയ  ചിത്രം കെ ജി എഫ്. മലയാളം, കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലുമായി റിലീസിനെത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ചിത്രത്തിൽ സഞ്‌ജയ്‌ ദത്ത് വില്ലനായി എത്തുന്നുവെന്നത് ആരാധകരുടെ സന്തോഷം ഇരട്ടിച്ചിരുന്നു. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ് സഞ്ജയ് ദത്തിന്റെ ക്യാരക്ടർ പോസ്റ്റർ. ചിത്രത്തിന്‍റെ  ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന അധീരയെന്ന വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുക.

സഞ്ജയ് ദത്തിന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് താരം പുറത്തുവിട്ടത്. കഴിഞ്ഞ ഡിസംബർ 21-നാണ് കെ ജി എഫിന്‍റെ ആദ്യ ഭാഗം ഇന്ത്യയിൽ റിലീസ് ചെയ്തത്.

‘ഉഗ്രം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്തത്. കന്നഡ സൂപ്പർ താരം യാഷ് പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ ശ്രിനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെ.ജി.എഫ് വരുന്നത്. ഏകദേശം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച സിനിമ രണ്ടു ഭാഗങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. പീരിഡ് ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണ് കെ.ജി.എഫ്. നിരവധി സസ്‌പെൻസും ആകാംഷയും നിറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.