‘മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ’, ചാക്കോച്ചൻ പാടി പക്ഷെ അതെങ്ങനെ ശരിയാകുമെന്ന് ജോജു; രസകരമായ വീഡിയോ

July 19, 2019

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ജോജുവും കുഞ്ചാക്കോ ബോബനും. ലൊക്കേഷനിൽ ചാക്കോച്ചൻ ഒപ്പിക്കാറുള്ള കുസൃതിത്തരങ്ങളും നിരവധിയാണ്. ഇപ്പോഴിതാ  ചാക്കോച്ചന്റെ പാട്ടും അതിന് ജോജു നൽകുന്ന രസകരമായ മറുപടിയുമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

‘മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൽ മനസിൽ ‘ എന്ന ഗാനമാണ് ചാക്കോച്ചൻ ആലപിച്ചത്. തുടർന്ന് കവിതയെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ച ചാക്കോച്ചന് ജോജു നൽകിയ മറുപടിയാണ് ഏറെ രസകരമായത്. ‘മഴകൊണ്ട് മാത്രം വിതയ്ക്കുന്ന വിത്തുകളോ’? വളരെ മോശം അഭിപ്രായം. രാജസ്ഥാനിലെ ആളുകൾ ചോദിക്കുന്നത് എന്തു ചെയ്യാൻ പറ്റും ഇതുകൊണ്ട് എന്നാണ്. ദുബായിലോ..?’ പിന്നെ അറബി പറഞ്ഞും താരം ഞെട്ടിച്ചു കളഞ്ഞു പാവം ചാക്കോച്ചനെ..’

ഇൻസ്റ്റാഗ്രാമിൽ ചാക്കോച്ചൻ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ‘ജോജു… എന്ന കാവ്യ വിമർശകന്റെ തപിക്കുന്ന കർഷക ഹൃദയം കാണാതെ പോകരുത് !!’ എന്ന അടിക്കുറുപ്പോടെയാണ് ചാക്കോച്ചൻ ഇത് പങ്കുവെച്ചത്. ഇതോടെ ഈ വീഡിയോയ്ക്ക് കമന്റുമായി നിരവധി ആളുകളാണ് എത്തുന്നത്. ‘മൂപ്പരെ അത്രേം പാടി വെറുപ്പിച്ചിരിക്കണം’ എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. ചാക്കോച്ചന്റെ പാട്ടിനെ പ്രശംസിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്.


അതേസമയം വെള്ളിത്തിരയിൽ ഇരുവരും ഒന്നിച്ച ചിത്രം ആഷിഖ് അബു സംവിധാനം നിർവഹിച്ച ‘വൈറസാ’യിരുന്നു. കേരളം ഭീതിയോടെ നേരിട്ട നിപ വൈറസ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്‌ടറായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ധൈര്യശാലിയായ മോർച്ചറി ജീവനക്കാരനായാണ് ജോജു എത്തിയത്.