‘ഷൈലോക്കി’ല്‍ താന്‍ വില്ലന്‍ കഥാപാത്രമാണെന്ന് മമ്മൂട്ടി; ഹീറോ രാജ് കിരണ്‍

July 17, 2019

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘ഷൈലോക്ക്’ എന്നാണ് സിനിമയുടെ പേര്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. ഗുഡ്വില്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഇന്നലെ നടന്നു. അതേസമയം ഷൈലോക്ക് എന്ന സിനിമയില്‍ താന്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. ‘പിശുക്കനായ പലിശക്കാരനായാണ് താന്‍ ചിത്രത്തിലെത്തുന്നത്. പാവപ്പെട്ട ഒരാളാണ് നായകന്‍. തമിഴ് നടന്‍ രാജ് കിരണ്‍ ആണ് ഹീറോ. വില്ലന്റെ പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.’

ഓഗസ്റ്റ് ഏഴ് മുതല്‍ ‘ഷൈലോക്ക്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഗോപി സുന്ദറാണ് ഈ സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.

Read more:Read more:രസകരമായ ഒരു പ്രമേയത്തെ ഒട്ടും ബോറടിപ്പിക്കാതെ പ്രേക്ഷകർക്ക് മുൻപിലെത്തിച്ചു; ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’യെ പ്രശംസിച്ച് നാദിർഷ

അതേസമയം ‘പതിനെട്ടാം പടി’യാണ് മമ്മൂട്ടി അഭിനയിച്ചതില്‍ അവസാനമായി തീയറ്ററുകളിലെത്തിയത്. ശങ്കര്‍ രാമകൃഷ്ണനാണ് പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് പതിനെട്ടാംപടി. ഇതിനുപുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണിമുകുന്ദനും അതിഥി വേഷങ്ങളിലാണ് പതിനെട്ടാം പടി എന്ന സിനിമയിലെത്തുന്നത്.

അതേസമയം ‘ഉണ്ട’ എന്ന സിനിമയിലാണ് മമ്മൂട്ടി അവസാനമായി നായക കഥാപാത്രമായെത്തിയത്. ചത്തീസ്ഗഡിലേക്ക് തെഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. . ഉണ്ട എന്ന സിനിമയില്‍ മണി സാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷനും സസ്‌പെന്‍സുംമെല്ലാം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. മനോഹരമായ കഥാപ്രമേയംതന്നെയാണ് ചിത്രത്തിന്റേത്. ഖാലിദ് റഹമാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.