‘നിനക്കായ് ഞാൻ പാടുമ്പോൾ’; മനോഹരം ‘മാർഗ്ഗംകളി’യിലെ ഗാനം

July 20, 2019

ബിബിൻ ജോർജും ഗൗരി ജി കിഷോറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർഗ്ഗംകളി. ചിത്രത്തിലെ മനോഹരമായൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ‘നിനക്കായ് ഞാന്‍ പാട്ടുപാടുമ്പോള്‍…’ എന്നു തുടങ്ങുന്ന മനോഹരമായ പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അബീന്‍ രാജിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബിബിന്‍ ജോര്‍ജാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അതേസമയം ഗൗരി ആദ്യമായി എത്തുന്ന മലയാളം ചിത്രം എന്ന പ്രത്യേകതയും മാർഗ്ഗംകളിയ്ക്കുണ്ട്. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചെത്തിയ ’96’ എന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. തീയറ്ററുകളില്‍ ചിത്രം മികച്ച പ്രതികരണം നേടിയിരിന്നു. ’96’ ല്‍ കുഞ്ഞു ജാനുവായി എത്തിയ ഗൗരി ജി കിഷോറിനെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മാർഗ്ഗംകളി. ചിത്രത്തിൽ നമിത പ്രമോദ്, സിദ്ദിഖ്, ശാന്തി കൃഷ്ണ,ധര്‍മ്മജന്‍ ബോൾഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read also: ആ മീനും പല്ലിയും മാത്രമല്ല, കവര് പൂത്തുകിടക്കുന്നതും വിഎഫ്എക്സ്; കുമ്പളങ്ങി നൈറ്റ്‌സ്’ ബ്രേക്ക്ഡൗണ്‍ വീഡിയോ

അതേസമയം ഗൗരി മലയാളത്തിൽ അഭിനയിക്കുന്ന മറ്റൊരു ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമായി ഗൗരിയും ചിത്രത്തിലെത്തുന്നു. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂട്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നവീന്‍ ടി മണിലാലാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം ഷിജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം.