മനോഹര പ്രണയം പറഞ്ഞ് ‘മാർഗംകളി’യിലെ ഗാനം; വീഡിയോ
ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് മാര്‍ഗംകളി എന്ന ചിത്രത്തിലെ പുതിയ പാട്ട്. ബിബിന്‍ ജോര്‍ജും നമിതാ പ്രമോദും ഗൗരി ജി കിഷനും ഒരുമിച്ച് വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് മാര്‍ഗംകളി. ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയത്. പ്രണയവും ഹാസ്യവും സസ്പെന്‍സുമെല്ലാം നിറച്ചാണ് മാര്‍ഗംകളിയുടെ ട്രെയ്ലര് ഒരുക്കിയിരിക്കുന്നതും.
ശശാങ്കന് മയ്യനാടാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബൈജു സന്തോഷ്, സിദ്ദിഖ്, ഹരീഷ് കണാരാന്‍, ധര്മ്മജന് ബോള്‍ഗാട്ടി, ബിന്ദു പണിക്കര്‍, ശാന്തി കൃഷ്ണ, സുരഭി സന്തോഷ്, സൗമ്യ മേനോന് തുടങ്ങി നിരവധി താരങ്ങള്‍ വിത്യസ്ത കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. ഗോപി സുന്ദറാണ് മാര്‍ഗംകളി എന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഓഗസ്റ്റില്‍ ചിത്രം തീയറ്ററുകളിലെത്തും.
കിടിലന്‍ താളത്തിലാണ് മാര്‍ഗംകളിയിലെ പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. അഫ്സലാണ് ആലാപനം. അടുത്തിടെ ചിത്രത്തിലെ മറ്റൊരു മനോഹര പ്രണയഗാനവും പുറത്തെത്തിയിരുന്നു. നിനക്കായ് ഞാന്‍ പാട്ടുപാടുമ്പോള്‍’ എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രേക്ഷകസ്വീകാര്യത ലഭിക്കുന്നുണ്ട്. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മാര്‍ഗ്ഗംകളി.
അതേസമയം ഗൗരി ജി കിഷന് ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രം എന്ന പ്രത്യേകതയും മാര്ഗംകളിയ്ക്കുണ്ട്. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് ഗൗരി ജി കിഷന്. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചെത്തിയ 96 എന്ന ചിത്രത്തില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് ഗൗരി അവതരിപ്പിച്ചത്.
അതേസമയം ഗൗരി മലയാളത്തില്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. സണ്ണി വെയ്നാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമായി ഗൗരിയും ചിത്രത്തിലെത്തുന്നു. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂട്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നവീന്‍ ടി മണിലാലാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം ഷിജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം.