ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാന രംഗത്തേക്ക്; പൂജ വേളയില്‍ താരമായി മീനാക്ഷി: വീഡിയോ

July 15, 2019

നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് ചലച്ചിത്ര സംവിധാന രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നു. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഒമ്പതാമത്തെ ചിത്രമാണ് ഇത്. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ ആയിരുന്നു ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തീയറ്ററുകളിലെത്തിയ അവസാന ചിത്രം.

സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിലാണ് അനൂപിന്റെ ആദ്യ സംവിധാന സംരംഭം ഒരുങ്ങുന്നത്. അതേസമയം തന്റെ സഹോദരന്റെ സിനിമയെക്കുറിച്ചുള്ള ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ എഡിറ്റിങ്ങിലാണ് അനൂപ് ആദ്യം കൈവയ്ക്കുന്നത്. പിന്നീട് നിര്‍മ്മാണം, വിതരണം എന്നീ മേഖലകളിലേയ്ക്ക് മാറി. പുതിയ ചുവടുവയ്പിന് എല്ലാ ആശംസകളും അനുഗ്രഹവും വേണം. ഇതൊരു മാസ് എന്റര്‍ടെയ്‌നര്‍ സിനിമ ആയിരിക്കും. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ ആണ് നായകന്‍. ബാക്കിയുള്ളവരെ പതിയെ പരിചയപ്പെടുത്താം’.

Read more:അജു വര്‍ഗീസ് നായകനായി പുതിയ ചിത്രം; സംവിധാനം രഞ്ജിത് ശങ്കര്‍

അതേസമയം ചിത്രത്തിന്റെ പൂജ വേളയില്‍ താരമായിരിക്കുകയാണ് ദിലീപിന്റെ മകള്‍ മീനാക്ഷി. പൊതുവേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറില്ലാത്ത മീനാക്ഷിയെയാണ് ഇത്തവണ ക്യാമറക്കണ്ണുകള്‍ പിന്തുടര്‍ന്നതും. അനുപ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇതിനോടകംതന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു.