സോഷ്യല്‍ മീഡിയയിലെ ആവിഷ്കാര സ്വാതന്ത്ര്യം അതിരുകടക്കുമ്പോള്‍…!
കേള്‍ക്കുന്നത് മാത്രമല്ല കാണുന്നതുപോലും വിശ്വസിക്കരുത് എന്നു മനസിനെ പറഞ്ഞുപഠിപ്പിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. പലപ്പോഴും കാഴ്ചകളെ നേരിട്ട് കാണുന്നതിലും അധികം സാമൂഹ്യമാധ്യമങ്ങളിലൂടെ കാണാനാണ് പലരും ആഗ്രഹിക്കാറ്. എന്തുകാര്യമായാലും വിരല്‍ത്തുമ്പില്‍ ഒരു ക്ലിക്കിന്റെ ദൂരത്തില്‍ ലഭ്യമാകുമ്പോള്‍ സോഷ്യല്‍ മീഡിയ വഴി നമുക്ക് മുന്നിലെത്തുന്ന കാഴ്ചകളെ കണ്ടില്ലെന്നു നടിക്കാനും ആവില്ല.
ഫെയ്ക്ക് ന്യൂസുകള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കുമൊക്കെ എതിരെ നിരന്തരം പലതരത്തിലുള്ള ക്യാമ്പെയിനുകള്‍ രൂപപ്പെടുന്നുണ്ടെങ്കിലും ഇത്തരം ക്യാമ്പയിനുകളെ എല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് പലരും ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. സാധാരണക്കാരനെ തെറ്റിധരിപ്പിച്ച് വ്യാജ വീഡിയോയിലൂടെ നേടാന്‍ ഉദ്ദേശിക്കുന്ന ലൈക്കുകളും ഷെയറുകളുമൊക്കെ അത്ര ഗുണം ചെയ്യില്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്നൊക്കെ പറയാന്‍ വരട്ടെ, ലക്ഷ്യം എത്ര നല്ലതായാലും വ്യാജ വീഡിയോ എന്ന മാര്‍ഗം സ്വീകരിക്കുമ്പോള്‍ ഈ മാര്‍ഗത്തെ സാധൂകരിക്കാന്‍ ആവില്ല. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ‘നിങ്ങളൊരുമാതിരി മനുഷ്യന്മാരെ വിഡ്ഢികളാക്കാന്‍ ശ്രമിക്കരുത്’. അതായത് ആവിഷ്കാര സ്വാതന്ത്ര്യം അതിരുകടക്കരുത് എന്ന് ചുരുക്കം.
മനസാക്ഷി മരവിച്ചിട്ടില്ലാത്ത മലയാളികളെ വിഡ്ഢികളാക്കാനുള്ള ശ്രമമായിരുന്നു, കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ ആകെ വൈറലായ ഒരു ‘വികാര വീഡിയോ’ എന്നു പറയേണ്ടി വരും. നിറകണ്ണുകളോടെ പതറുന്നസ്വരത്തില് ‘ഭര്‍ത്താവിനെ കാണ്മാനില്ലാ’ വീഡിയോ ലൈവായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കാര്യമറിയാതെ അങ്കലാപ്പിലായത് സാധാരണക്കാരായ ഫെയ്സ്ബുക്ക് ഉപഭോക്താക്കളാണ്. ‘കണ്ടുകിട്ടുന്നവര്‍ കട്ടപ്പന പെലീസ് സ്റ്റേഷനില്‍ അറിയിക്കണം’ എന്നുകൂടി പറഞ്ഞപ്പോള്‍ വീഡിയോ കൂടുതല്‍ വിശ്വസനീയമായി. പിന്നീട് ടൈറ്റില്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കപ്പെട്ടെങ്കിലും ‘ ഈ വീഡിയോ വെറും സിനിമാ പ്രൊമോഷനാണെന്ന’ വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും അതിലൊന്നും വല്യ കഴമ്പില്ല. വീഡിയോ കണ്ടപാടേ കാണാതായെ ആളേ അന്വേഷിച്ചുകൊണ്ടു അരങ്ങത്തെത്തിയ അന്വേഷണ തല്പരരായ മലയാളികളുടെ എണ്ണവും ചെറുതല്ലെന്നോര്ക്കണം.
സിനിമയുടെ പ്രെമോഷനാണെങ്കിലും പരസ്യങ്ങളുടെ പ്രെമോഷനാണെങ്കിലും ഒരു കാര്യം ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന ഏറ്റവും സെന്‍സിറ്റീവായ പൊലീസ് വകുപ്പിനെയും അതിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുന്‍കൂര്‍ അനുമതി ഇല്ലാതെ വ്യാജമായി ഉപയോഗപ്പെടുത്തുന്നതും പൊലീസിനെ മിസ്ഗൈഡ് ചെയ്യുന്ന രീതിയില്‍ വ്യാജ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതും ഇന്ത്യന്‍ പീനല്‍കോഡിലെ 107,117,182 തുടങ്ങിയ വിവിധ വകുപ്പുകളും ഐടി ആക്ടിലെ വിവിധ വകുപ്പുകളും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലെ ചില വകുപ്പുകളും കേരളാ പെലീസ് വകുപ്പിലെ ആക്ടുകളും പ്രകാരം കുറ്റകരമാണ്.
ഇനി സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന എന്തും ഏതും ചാടിക്കേറി പങ്കുവയ്ക്കുന്നവരോട്, എത്ര വൈകാരികമായ വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും അവയുടെയൊക്കെ നിജസ്ഥതി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അത്രയ്ക്കധികമുണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ വീഡിയോ സന്ദേശങ്ങള്‍. പുലി വരുന്നേ പുലി വരുന്നേ എന്നു പറഞ്ഞ് പറ്റിച്ച് ഒടുക്കം പുലി വരുമ്പോള്‍ ആരും തിരഞ്ഞുനോക്കാനില്ലാത്ത അവസ്ഥ വരും. അതായത് വ്യാജ വീഡിയോകള്‍ കണ്ട് കണ്ട് തഴമ്പിക്കുമ്പോള്‍ ഒടുവില്‍ സത്യസന്ധമായ ഒരു വീഡിയോ പ്രത്യക്ഷപ്പെടുമ്പോള്‍ അവയെയും വ്യാജമെന്ന് കരുതി തഴഞ്ഞെന്നു വരാം.