പ്രേക്ഷക ശ്രദ്ധനേടി ‘പൊറിഞ്ചുമറിയംജോസ്’ മോഷൻ പോസ്റ്റർ
അഭിനയമികവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ നടന്മാരാണ് ചെമ്പന്‍ വിനോദും ജോജു ജോര്‍ജും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ‘പൊറിഞ്ചുമറിയംജോസ്’. ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. പേരില്‍തന്നെ ഒരല്പം കൗതുകം ഒളിപ്പിച്ചുകൊണ്ടാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നൈല ഉഷയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട് ചിത്രത്തിന്റെ പോസ്റ്ററിന്. ജോജും ജോര്‍ജും ചെമ്പന്‍ വിനോദും നൈല ഉഷയും ഉള്‍പ്പെടെ ചിത്രത്തിലെ എല്ലാ താരങ്ങളും ഉൾപ്പെടുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍.
അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോസഫ് എന്ന ചിത്രത്തിനുശേഷം ജോജു നായകനായി എത്തുന്ന ചിത്രമാണ് പൊറിഞ്ചുമറിയംജോസഫ്. എം പത്മകുമാറാണ് ജോസഫ് എന്ന സിനിമയുടെ സംവിധായകന്. ‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.
ലൂസിഫറിലാണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജെല്ലിക്കെട്ട് നിർമ്മിക്കുന്നത്. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ മ യൗ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിനായകൻ, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ജെല്ലിക്കെട്ട്.