രസകരമായ ഒരു പ്രമേയത്തെ ഒട്ടും ബോറടിപ്പിക്കാതെ പ്രേക്ഷകർക്ക് മുൻപിലെത്തിച്ചു; ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’യെ പ്രശംസിച്ച് നാദിർഷ

July 17, 2019

മലയാളികളുടെ പ്രിയപ്പെട്ട സംവൃത സുനിലിന്റെ രണ്ടാം വരവ്, ബിജു മേനോനൊപ്പം സംവൃത എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് പൃഥ്വിരാജ് സുകുമാരൻ അടക്കം നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ നാദിർഷ.

‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ ‘ കണ്ടു . രസകരമായ ഒരു പ്രമേയത്തെ ഒട്ടും ബോറടിപ്പിക്കാതെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ ശ്രമിച്ചു വിജയിപ്പിച്ചതിന് ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് തീർച്ചയായും
അഭിമാനിക്കാം. എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.’ എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും രമാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ദൃശ്യഭംഗിയിലും സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടുന്നുണ്ട്.

Read also: പൂക്കാരി അമ്മൂമ്മയെ പരിചയപ്പെടുത്തി സൗബിൻ; ‘അമ്പിളി’ ഒരുങ്ങുന്നു

ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സുനി എന്ന കഥാപാത്രമായാണ് ബിജു മേനോൻ എത്തുന്നത്. ബിജുവിന്റെ ഭാര്യയായാണ് ചിത്രത്തിൽ സംവൃത സുനിൽ വേഷമിടുന്നത്. മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. എന്നാല്‍ വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ വെള്ളിത്തിരയിലേക്ക് വീണ്ടും താരമെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ താരം വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്.