മനോഹര പ്രണയം പറഞ്ഞ് ‘ഓർമ്മയിൽ ഒരു ശിശിരം’ തിയേറ്ററുകളിലേക്ക്

ആദ്യ പ്രണയത്തെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാൻ കഴിയില്ല. അത്രമേൽ മധുരമാണ് മിക്കപ്പോഴും ആദ്യ പ്രണയം. ചിലപ്പോഴൊക്കെ ഒരു നനുത്ത കാറ്റുപോലെ പ്രണയത്തിന്റെ ഓര്‍മ്മകള്‍ ഉള്ളിന്റെ ഉള്ളില്‍ അലയടിച്ചുകൊണ്ടേയിരിക്കും. പ്രണായര്‍ദ്രമായ ഒരു കഥ പ്രേക്ഷകന് സമ്മാനിക്കുന്ന പുതിയ ചിത്രമാണ് ‘ഓര്‍മ്മയില്‍ ഒരു ശിശിരം’. ചിത്രം ആഗസ്റ്റ് രണ്ടിന് തിയേറ്ററുകളിൽ എത്തും.
മനോഹരമായ പ്രണയാഗാനങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘ഓര്‍മ്മയില്‍ ഒരു ശിശിരം’. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ പ്രണയത്തിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടെത്തിക്കാനും ഓര്‍മ്മയില്‍ ഒരു ശിശിരത്തിലെ ഗാനങ്ങള്‍ക്ക് കഴിയുന്നുണ്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്ലറും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പ്രണയത്തിന്റെ പവിത്രതയും, കുടുംബ ബന്ധത്തിന്റെ തീവ്രതയുമൊക്കെ മനോഹരമായി ആവിഷ്കരിച്ചിരിച്ചാണ് ചിത്രത്തിന്റെ ട്രെയ്ലര് ഒരുക്കിയത്.
Read more:പാട്ടുകാരനായി മമ്മൂക്ക; ‘ഗാനഗന്ധർവന്റെ’ ലൊക്കേഷൻ ചിത്രങ്ങൾ
വിവേക് ആര്യന് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. ദീപക്കാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ദീപക്. ചിത്രത്തില്‍ അലന്‍സിയര്‍, പാര്‍വതി ടി, സുധീര്‍ കരമന, സംവിധായകന് ബേസില്‍ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാക്ട്രോ പിക്ചേഴ്സ് ഒരുക്കുന്ന ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്.