തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളിലും ഇടം നേടി ‘പരിയേറും പെരുമാള്‍’

July 1, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറിയ തമിഴ് ചിത്രമാണ് ‘പരിയേറും പെരുമാള്‍’. പൂര്‍ണ്ണമായും ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ധാരാളം രാഷ്ട്രീയ സാമൂഹിക സംഭവങ്ങല്‍ പ്രതിഫലിക്കുന്നുണ്ട് ചിത്രത്തില്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മറ്റൊരു വാര്‍ത്ത കൂടി. തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളിലും ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഇടം നേടിയിരിക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ പന്ത്രണ്ടാംക്ലാസ് സിലബസിലാണ് ചിത്രത്തിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ പല രംഗങ്ങളും പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Read more:ഒറ്റ ഷോട്ട്, കിടിലന്‍ എനര്‍ജി; അതിശയിപ്പിച്ച് വിജയ് ദേവരക്കൊണ്ട; മനോഹരം ഈ ‘കാന്‍റീന്‍’ ഗാനം

മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ രചനയും മാരി സെല്‍വരാജ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങല്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച മാരി സെല്‍വരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പരിയേറും പെരുമാള്‍. കുതിരപ്പുറത്തേറിവരുന്ന പെരുമാള്‍ എന്നാണ് ചിത്രത്തിന്റെ പേരിന്റെ അര്‍ത്ഥം. അതിജീവനവും പ്രണയവുമൊക്കെയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. അംബേദ്ക്കര്‍ രാഷ്ട്രീയം വ്യക്തമായി പറയുന്നുണ്ട് ചിത്രത്തില്‍.

മനുഷ്യ കഥാപാത്രങ്ങള്‍ക്കു പുറമെ കറുപ്പി എന്ന നായയും ചിത്രത്തില്‍ ഒരു കഥാപാത്രത്തേപ്പോലെ നിലകൊള്ളുന്നുണ്ട്. കതിറും ആനന്ദിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തുന്നത്. വക്കീലാകാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് കതിരിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം.