സംവിധാനത്തിലേക്ക് ചുവടുവെച്ച് പാഷാണം ഷാജി; പാണാവള്ളി പാണ്ഡവാസ് ഒരുങ്ങുന്നു
ഫുട്ബോള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘പാണാവള്ളി പാണ്ഡവാസ്’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് പാഷാണം ഷാജി. സാജു നവോദയയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു നാട്ടിലെ ജനങ്ങളുടെ ഫുട്ബോൾ പ്രണയവും അവിടുത്തെ ടീമുകൾ തമ്മിലുള്ള മത്സരവും പറയുന്ന ചിത്രത്തിൽ ഒരു സൈക്കോ കില്ലറുടെ കഥയും ചിത്രം പറയുന്നുണ്ട്.
പാണാവള്ളി പാണ്ഡവാസ്, കാക്കത്തുരുത്ത് സെവന്‍സ് എന്നീ സെവന്‍സ് ഫുട്ബാള്‍ ടീമുകൾ തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. സലിംകുമാര്‍, ഐ.എം. വിജയന്, സോഹന്‍ സീനുലാല്‍, നോബി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്കു പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശെല്‍വകുമാറാണ്. അനുരാഗ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് ആദ്യം ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ചേർത്തലയാണ് സിനിമയുടെ കൂടുതൽ ഭാഗവും ചിത്രീകരിക്കുന്നത്.
അതേസമയം ഏറെ കൗതുകം ഒളിപ്പിച്ചുകൊണ്ടാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കുന്നത്. അതിനാൽ ഒരു കോമഡി എന്റെർറ്റൈനെർ ആയിരിക്കാം ചിത്രം എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്തായാലും നിരവധി കഥാപത്രങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഷാജിയുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Read also: പുതിയ ഇരുചക്രവാഹനം വാങ്ങിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഹെല്‍മെറ്റ് മുതല്‍ നമ്പര്‍ പ്ലേറ്റ് വരെ സൗജന്യം
അതേസമയം ചിത്രത്തിലേക്ക് അഭിനേതാക്കളെ തിരഞ്ഞുകൊണ്ടുള്ള കാസ്റ്റിംഗ് കോൾ വീഡിയോയും നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് പാഷാണം ഷാജി.