ചെമ്പൻ വിനോദും ജയസൂര്യയും ഒന്നിക്കുന്നു; ‘പൂഴിക്കടകൻ’ ഉടൻ
നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പൂഴിക്കടകൻ’. സാമുവൽ ജോൺ എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് ജോസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ജയസൂര്യ. ജയസൂര്യയും ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുണ്ട് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ധന്യാ ബാലകൃഷ്ണയാണ് ചിത്രത്തിലെ നായിക. അലൻസിയർ, വിജയ് ബാബു, ബാലു വർഗീസ്, സജിത് നമ്പ്യാർ, സുധി കൊപ, ബിജു സോപാനം, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അതേസമയം ചെമ്പൻ വിനോദ് മുഖ്യ കഥാപാത്രമായി ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നൈല ഉഷയും ജോജു ജോർജും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ചിത്രം ആഗസ്റ്റ് 15 ന് തിയേറ്ററിൽ എത്തും.
അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പേരില്‍തന്നെ ഒരല്പം കൗതുകം ഒളിപ്പിച്ചുകൊണ്ടാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ലിജോ ജോസ് പെല്ലിശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആന്റണി വർഗീസും വിനായകനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹൈറേഞ്ചിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്.
എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജെല്ലിക്കെട്ട് നിർമ്മിക്കുന്നത്. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ മ യൗ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിനായകൻ, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ജെല്ലിക്കെട്ട്.