ശ്രദ്ധനേടി ‘പൊറിഞ്ചുമറിയംജോസി’ലെ ജോജു; ചിത്രം തിയേറ്ററുകളിലേക്ക്

July 20, 2019

‘പൊറിഞ്ചുമറിയംജോസ്’ ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ  ചെമ്പന്‍ വിനോദും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് പൊറിഞ്ചുമറിയംജോസ്. പേരില്‍തന്നെ ഒരല്പം കൗതുകം ഒളിപ്പിച്ചുകൊണ്ടാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നൈല ഉഷയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രം ആഗസ്റ്റ് 15 ന് തിയേറ്ററിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ഗാനങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്. അണിയറ പ്രവർത്തകർ പുറത്തുവിട്ട ജോജുവിന്റെ ക്യാരക്ടർ പോസ്റ്ററും ഏറെ ശ്രദ്ധനേടുന്നുണ്ട്.

അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലൂസിഫറിലാണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.

Read more: ആ മീനും പല്ലിയും മാത്രമല്ല, കവര് പൂത്തുകിടക്കുന്നതും വിഎഫ്എക്സ്; കുമ്പളങ്ങി നൈറ്റ്‌സ്’ ബ്രേക്ക്ഡൗണ്‍ വീഡിയോ

‘ജോസഫ്’ എന്ന ചിത്രത്തിനുശേഷം ജോജു നായകനായി എത്തുന്ന ചിത്രമാണ് ‘പൊറിഞ്ചുമറിയംജോസഫ്’. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘ജോസഫ്’. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിലെ ജോജുവിന്റെ അഭിനയത്തെ പുകഴ്ത്തി നിരവധി പേരും രംഗത്തെത്തിയിരുന്നു. എം പത്മകുമാറാണ് ജോസഫ് എന്ന സിനിമയുടെ സംവിധായകന്‍. ‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.