പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജോണ്‍പോളിന്റെ തിരക്കഥ; ‘പ്രണയമീനുകളുടെ കടല്‍’

July 25, 2019

കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ കൊച്ചി ഐഎംഎ ഹാളില്‍വെച്ചാണ് നടന്നത്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോണ്‍പോള്‍ തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയുമുണ്ട് പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്.

ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഭീതിപ്പെടുത്തുന്ന ഒരു തിമിംഗലംവേട്ടയുടെ കടല്‍ക്കാഴ്ചയാണ് ടീസറില്‍. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയും നേടിയിരുന്നു പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയുടെ ടീസര്‍.

ലക്ഷദ്വീപ് പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കുന്നത്. വിനായകന്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നിരവധി പുതുമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് പ്രണയമീനുകളുടെ കടല്‍ ഒരുക്കുന്നത്. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ്, ഗബ്രി ജോസ്, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

Read more:വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേയ്ക്ക് ഒരുകെട്ട് പുസ്തകങ്ങളുമായി സണ്ണി വെയ്ന്‍; കൈയടിച്ച് സോഷ്യല്‍മീഡിയ

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ആമി എന്ന സിനിമയ്ക്ക് ശേഷം കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയ്ക്കുണ്ട്. തെലുങ്ക് താരും റിധി കുമാറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ദ്വീപ് കേന്ദ്രീകരിച്ചുള്ള പ്രണയമാണ് പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയുടെ പ്രമേയം. ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് എന്നാണ് സൂചന. റഫീഖ് അഹമ്മദും ബികെ ഹരിനാരയണനും ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി വരികള്‍ എഴുതിയിരിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. വിഷ്ണു പണിക്കര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.