‘അവനെന്താ ഒരു കുറവ്…’ ശ്രദ്ധേയമായി ‘സച്ചിന്റെ’ പുതിയ ടീസര്‍

July 17, 2019

ആദ്യ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് ‘സച്ചിന്‍’. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. വെള്ളിത്തിരയില്‍ ചിരി ഉത്സവം തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. ജൂലൈ 19 ന് ‘സച്ചിന്‍’ തീയറ്ററുകളിലെത്തും. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ വീണ്ടും ശ്രദ്ധേയമാവുകയാണ് സച്ചിന്റെ പുതിയ ടീസര്‍.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധന്യം നല്‍കിക്കൊണ്ടു ഒരുക്കുന്ന ചിത്രമാണ് ‘സച്ചിന്‍’. ചിത്രത്തില്‍ ‘സച്ചിന്‍’ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും പ്രണയവുമൊക്കെയാണ് സിനിമയില്‍ നിറയുന്നത്.

സന്തോഷ് നായരാണ് ‘സച്ചിന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. എസ് എല്‍ പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരന്‍ മണിയന്‍ പിള്ള രാജു, രമേശ് പിശാരടി, മാലാ പാര്‍വ്വതി, അന്ന രാജന്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഷാന്‍ റഹ്മാനാണ് സച്ചിന്‍ എന്ന സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Read more:‘ഒരു നല്ല സിനിമയക്ക് സങ്കീര്‍ണ്ണമായ പ്ലോട്ടോ മള്‍ട്ടി ഡൈമന്‍ഷണല്‍ കഥാപാത്രങ്ങളോ ആവശ്യമില്ല; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ മനോഹരചിത്രം’: പ്രശംസിച്ച് പൃഥ്വിരാജ്

സച്ചിന്‍ എന്ന സിനിമയിലെ ചില ഗാനങ്ങളും നേരത്തെ പുറത്തിറങ്ങിയിരുന്നു. കണ്ണീര്‍ മേഘങ്ങള്‍ എന്നു തുടങ്ങുന്ന ഗാനം മികച്ച പ്രേക്ഷക പ്രതികരണം നേടുന്നുണ്ട്. അതുപോലെതന്നെ പോരാടുന്നേ പോരാടുന്നേ എന്നു തുടങ്ങുന്ന ഒരു ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നതും. രസകരമായ ചില മുഹൂര്‍ത്തങ്ങളും ഗാനത്തില്‍ ഇടം നേടിയിട്ടുണ്ട്. മികച്ച ഗാന രചയിതാവിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ ബി കെ ഹരിനാരായണനാണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതിയത്. ചിത്രത്തിന്റെ സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നതും. ഈ ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു.