ലോകകപ്പിൽ അഞ്ച് സെഞ്ച്വറികളുമായി രോഹിത്; ഹിറ്റ്മാനെ അഭിനന്ദിച്ച് ക്രിക്കറ്റ് ദൈവം
ക്രിക്കറ്റ് ലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന ഹിറ്റ് മാൻ രോഹിത് ശർമ്മയ്ക്ക് അഭിനന്ദനവുമായി എത്തുകയാണ് ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിൻ ടെന്‍ഡുൽക്കർ. കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിലും രോഹിത് സെഞ്ച്വറി നേടിയതോടെ ഈ ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ സ്വന്തമാക്കിയിരിക്കുകയാണ് ഹിറ്റ് മാൻ. ഇതോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന റെക്കോർഡാണ് രോഹിതിനെ തേടിയെത്തിയത്. ആകെ ലോകകപ്പ് സെഞ്ചുറികളിൽ സച്ചിനൊപ്പമാണ് നിലവിൽ രോഹിത് ശർമ്മയുടെ നേട്ടം.
“തുടർച്ചയായി മൂന്ന് സെഞ്ചുറികള്‍, ഒരു ലോകകപ്പില്‍ തന്നെ അഞ്ച് സെഞ്ചുറികള്‍”. പ്രതിഭാസമാണ് രോഹിത് എന്നാണ് മാസ്റ്റന്‍ ബ്ലാസ്റ്റര്‍ ട്വിറ്ററില്‍ കുറിച്ചത്. അതോടൊപ്പം ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയ രാഹുലിനെയും താരം അഭിനന്ദിച്ചു.
3 consecutive 100s and 5 in a single @cricketworldcup is just phenomenal, Rohit.
Very good to see @klrahul11 go on to convert a good knock into a 100 as well!? Good signs. ?#CWC19 #INDvSL pic.twitter.com/p7e3cduV8B— Sachin Tendulkar (@sachin_rt) July 6, 2019
ശ്രീലങ്കയ്ക്ക് എതിരെ അരങ്ങേറിയ മത്സരത്തിൽ ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍ വിജയലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി 38 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ മറികടന്നത്. രോഹിത് ശർമ്മയും രാഹുലും സെഞ്ച്വറി നേടി. 94 പന്തില്‍ 103 റണ്‍സായിരുന്നു ഹിറ്റ്മാന്‍റെ സമ്പാദ്യം. ലോകകപ്പിൽ രാഹുലിന്റെ ആദ്യ സെഞ്ചുറിയാണ് ഇത്. 118 പന്തില്‍ 111 റണ്‍സാണ് രാഹുൽ നേടിയത്.
ഋഷഭ് പന്തിന് കളിക്കളത്തിൽ അധികം പിടിച്ചു നില്ക്കാൻ സാധിച്ചില്ല. ഒരു ഫോർ മാത്രം സ്വന്തമാക്കി താരം ഗ്യാലറിയിലേക്ക് മടങ്ങി. പിന്നീട് നായകന്‍ വിരാട് കോലിയും (34) ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് 38 പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യയെ വിജയലക്ഷ്യം കടത്തി. ശ്രീലങ്കയ്ക്കായി മലിംഗ, രജിത, ഉദാന എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് കളിക്കളത്തിൽ ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് നേടിയത്.ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യക്കായി 10 ഓവറില്‍ 37 റണ്‍സ് വഴങ്ങിയാണ് ബുമ്ര മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.