സെമിയില്‍ ഇന്ത്യയുടെ എതിരാളി കിവീസ്

July 7, 2019

ലോകമെങ്ങും ക്രിക്കറ്റ് ആവേശത്തിലാണ്. ലോകകപ്പ് ക്രിക്കറ്റിന് അരങ്ങൊരുങ്ങിയിട്ട് ദിവസങ്ങളായി, അന്തിമ പോരാട്ടത്തിന് ഇനി വളരെ കുറച്ച് ദിനങ്ങൾ കൂടി മാത്രം ബാക്കി… കെട്ടടങ്ങാത്ത ആവേശവും കളിക്കളത്തിലെ ആരവവും ഇനി കുറച്ച് ദിനങ്ങൾ കൂടി മുഴങ്ങികേൾക്കും. ലോകകപ്പ് ദിനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സെമിയിൽ ഇന്ത്യ നേരിടുന്നത് ആരെയെന്ന ചോദ്യത്തിനും ഉത്തരമായി..ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയതോടെ സെമി ഫൈനല്‍ ലൈനപ്പായി. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെ ആണ് സെമിയില്‍ നേരിടുക. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെ നേരിടും.

ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക 10 റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് സെമിയിൽ നേരിടുന്ന ടീമുകളെ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയുടെ 325 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 49.5 ഓവറില്‍ 315 റണ്‍സില്‍ പുറത്തായി.

Read also: ലോകകപ്പിൽ അഞ്ച് സെഞ്ച്വറികളുമായി രോഹിത്; ഹിറ്റ്മാനെ അഭിനന്ദിച്ച് ക്രിക്കറ്റ് ദൈവം

കളിയിൽ മികച്ച പ്രകടനം മാറ്റുരയ്ക്കാൻ ഒരുങ്ങുന്ന ടീമുകൾക്കൊപ്പം ഇത്തവണത്തെ ലോകകപ്പ് ആരുടെ കൈകളിലായിരിക്കും സുരക്ഷിതമെന്ന് അറിയാനുള്ള ആവേശത്തിലാണ് ഓരോ ക്രിക്കറ്റ് പ്രേമികളും…ലോകകപ്പിന്റെ കഴിഞ്ഞ പതിപ്പിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂർണമെന്റ്  മാറ്റുരയ്ക്കുക്കാൻ എത്തിയത്. 2015 ൽ 14 ടീമുകളാണ് ലോകകപ്പ് നേടുവാൻ പരസ്പരം ഏറ്റുമുട്ടിയിരുന്നത്.

കഴിഞ്ഞ മാസം 30 ന് ആരംഭിച്ച ലോകകപ്പിൽ മഴ വില്ലനായി എത്തിയതോടെ മിക്ക കളികളും ഉപേക്ഷിക്കേണ്ടതായി വന്നു..കഠിന പരിശ്രമത്തിലൂടെ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ ഒരുങ്ങികൊണ്ടിരിക്കുന്ന താരങ്ങളെയും ടീമുകളെയും ഒരു തുടർക്കഥപോലെ പരിക്കുകൾ വേട്ടയാടിയതും ലോകകപ്പിലെ ചില വേദനകൾ ആയിരുന്നു.

എന്നാൽ കളിയുടെ അവസാന ഭാഗത്തേക്ക് എത്തിനിൽക്കുമ്പോൾ ആരാകും ലോകകപ്പ് ഇത്തവണ കൊണ്ടുപോകുക എന്നറിയാനായി അക്ഷമരായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.