നീയെന്നില്‍ നിറയ്ക്കുന്നത് അവര്‍ണ്ണനീയമായ സന്തോഷമാണ് ; ആനിയ്ക്ക് ആശംസകളുമായി ഷാജി കൈലാസ്‌

July 24, 2019

ചലച്ചിത്രതാരം ആനിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഭര്‍ത്താവ് ഷാജി കൈലാസ്. ചിത്ര എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഷാജി കൈലാസ് ആശംസ കുറിച്ചത്. സിനിമയില്‍ ആനി എന്ന് അറിയപ്പെട്ടിരുന്ന താരം ഷാജി കൈലാസുമായുള്ള വിവാഹശേഷമാണ് ചിത്ര എന്ന പേര് സ്വീകരിച്ചത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. എന്നാല്‍ പാചക വീഡിയോകളിലൂടെ മിനിസ്‌ക്രീനില്‍ ശ്രദ്ധേയയാണ് താരം. ഇന്നലെയായിരുന്നു ചിത്രയുടെ ജന്മദിനം.

ഷാജി കൈലാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ച പിറന്നാള്‍ ആശംസ

‘എന്നെ കൂടുതല്‍ മികച്ച വ്യക്തിയാക്കാന്‍ പ്രേരിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍. എപ്പോഴും എനിയ്ക്ക് നല്‍കുന്ന സ്‌നേഹത്തിനും കരുതലിനും നന്ദി. ഒരു ഭാര്യയിലും അമ്മയിലും ഏതൊരാളും ആഗ്രഹിക്കുന്ന സര്‍വതും നിന്നിലുണ്ട്. ഓരോ ദിവസവും ആ മുഖത്ത് കൂടുതല്‍ പുഞ്ചിരി വിരിയിക്കാന്‍ ഞാന്‍ പ്രയത്‌നിക്കും. ഇത് വാക്ക്. കാരണം നീയെന്നില്‍ നിറയ്ക്കുന്നത് അവര്‍ണനീയമായ സന്തോഷമാണ്. ജന്മദിനാശംസകള്‍ ചിത്ര.’

Read more:കാല്പന്തുകളിയിൽ വിസ്‌മയം സൃഷ്ടിച്ച് 12 കാരൻ; അഭിനന്ദിച്ച് ഹ്യുമേട്ടൻ, ഇത് ആന്ദ്രേ ഇനിയേസ്റ്റയോയെന്ന് ആരാധകർ, വീഡിയോ

അതേസമയം ഷാജി കൈലാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നുണ്ട്. ‘താക്കോല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ കിരണ്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇന്ദ്രജിത്തും മുരളി ഗോപിയുമാണ് താക്കോല്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന സിനിമയുടെ തിരക്കഥ രചനയിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരന്‍ കൂടിയാണ് കിരണ്‍ പ്രഭാകരന്‍. അരനാഴിക നേരം എന്ന സീരിയലിന്റെ തിരക്കഥക്ക് സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടിയിരുന്നു