‘നാടകം കളിച്ചു നടന്നതിന് പകരം പള്ളിക്കൂടത്തിൽ പോയി പത്ത് ഇംഗ്ലീഷും പഠിച്ചിരുന്നെങ്കിൽ ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു’; നെപ്പോളിയന് ആശംസകളുമായി ഷമ്മി തിലകൻ

July 8, 2019

മലയാളികൾക്ക് അത്ര പെട്ടന്നൊന്നും മറക്കാനാവാത്ത കഥാപാത്രമാണ് ദേവാസുരം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ മുണ്ടയ്ക്കൽ ശേഖരൻ.  മലയാളികൾക്ക് ഇത്രമേൽ സ്വീകാര്യനായ മറ്റൊരു വില്ലൻ ഇല്ലെന്ന് തന്നെ പറയാം. മുണ്ടയ്ക്കൽ ശേഖരനായി മലയാളികൾക്കിടയിൽ അറിയപ്പെടുന്ന  നെപ്പോളിയൻ ഹോളിവുഡിൽ നായകനാകുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സിനിമ താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകൾ താരത്തിന് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് ഷമ്മി തിലകൻ.

‘പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേൽ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..!
#അച്ഛൻ_ചെയ്ത_ദ്രോഹമേ..!
ഇനി പറഞ്ഞിട്ടെന്താ കാര്യം..?! ‘- ഷമ്മി ഫേസ്ബുക്കില്‍ കുറിച്ചു.

ക്രിസ്മസ് കൂപ്പൺ എന്ന ചിത്രത്തിലാണ് നെപ്പോളിയൻ നായകനായി വേഷമിടുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടെല്‍ കെ ഗണേശന്‍ വഴിയാണ് ഈ നായകവേഷം നെപ്പോളിയന് ലഭിക്കുന്നത്. ഡാനിയല്‍ നൂഡ്സെണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഹോക്കി ഏജന്റ് ആയാണ്നെപ്പോളിയൻ എത്തുന്നത്.

Read alsoപ്രേക്ഷക ഹൃദയത്തിൽ ഇടം നേടി ‘ലൂക്ക’യിലെ പുതിയ ഗാനം; വീഡിയോ

‘ഡെവിള്‍സ് നൈറ്റ്’ എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടനാണ് നെപ്പോളിയൻ. ഡെവിള്‍സ് നൈറ്റ് എന്ന ത്രില്ലര്‍ ചിത്രമായിരുന്നു. വില്ലനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം നൂറോളം തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരം ഹോളിവുഡ് കേന്ദ്രീകരിച്ച് യു.എസിലാണ്.

അതേസമയം രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരത്തിലെ മുണ്ടയ്ക്കൽ ശേഖരൻ മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഒരു കഥാപാത്രമാണ്. മോഹന്‍ലാലിന്റെ വില്ലനായാണ് ചിത്രത്തിൽ താരം എത്തിയത്.