വരാന്തയിലെ സോഫയില്‍ മയങ്ങുന്ന പെരുമ്പാമ്പ്; ചിത്രത്തിലെ പാമ്പിനെ കണ്ടെത്താന്‍ തലപുകഞ്ഞ് സോഷ്യല്‍മീഡിയ

July 27, 2019

രസകരവും കൗതുകകരവുമായ വാര്‍ത്തകളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലാകാറുണ്ട്. ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന നിരവധി ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടുന്നു. ഇത്തരമൊരു ചിത്രത്തിനു പിന്നാലെയായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍മീഡിയ.

ഓസ്‌ട്രേലിയയില്‍ ആണ് സംഭവം. ഒരു വീട്ടിലെ വരാന്തയില്‍ കിടന്നു മയങ്ങുന്ന പാമ്പിനെ കണ്ടെത്താന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. സണ്‍ഷൈന്‍ കോസ്റ്റ് സ്‌നേക്ക് കാച്ചേഴ്‌സ് ആണ് ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.

നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. കിണഞ്ഞു പരിശ്രമിച്ചിച്ചും പാമ്പിനെ കണ്ടെത്താനാകാതെ സോഷ്യല്‍ ലോകം വലഞ്ഞു. ഇതിനിടയില്‍ ചില വിദ്വാന്‍മാര്‍ പാമ്പിനെ ഫോട്ടോഷോപ്പ് വഴി ചിത്രത്തില്‍ ഉള്‍പ്പെടുത്തി. ഒടുവില്‍ പാമ്പ് ഒളിച്ചിരിക്കുന്നത് എവിടെയാണുള്ളത് എന്ന് വ്യക്തമാക്കുന്ന വീഡിയോയും പുറത്തെത്തി.