സൗബിനും സുരാജും ഒന്നിക്കുന്നു; ‘വികൃതി’യെ പരിചയപ്പെടുത്തി ഫഹദ്

July 9, 2019

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത നടനാണ് സൗബിൻ സാഹിർ. കഥാപാത്രങ്ങൾ ചെറുതോ വലുതോ ആവട്ടേ.. നായകനോ വില്ലനോ ആവട്ടേ, കോമഡിയൊ സീരിയസോ ആവട്ടേ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ എന്തായാലും അതിനെ അതിന്റെ പൂർണതയിൽ എത്തിക്കാൻ സൗബിൻ സാഹിർ എന്ന നടന് സാധിക്കുമെന്നത് തീർച്ചയാണ്.

കൈനിറയെ ചിത്രങ്ങളുള്ള താരമാണ് സൗബിൻ സാഹിർ. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തി വെള്ളിത്തിരയിലെ തിരക്കുള്ള താരമായി മാറിയ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സൗബിനും സൂരജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വികൃതി. ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. അജീഷ് പി തോമസ് കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന്‍റെ സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്. ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ബിജിബാലാണ്.

അതേസമയം ആഷിഖ് അബു സംവിധാനം നിർവഹിക്കുന്ന  ‘ഞാനല്ല ഗന്ധർവൻ’ എന്ന ചിത്രവും അടുത്തിടെ അനൗൺസ് ചെയ്തിരുന്നു. ഉണ്ണി ആര്‍ കഥയും തിരക്കഥയുംഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ദേവലോകത്തുനിന്നും ഭൂമിയിൽ എത്തുന്ന ഗന്ധർവന്റെ കഥപറയുന്ന ചിത്രമാണ് ഒരുങ്ങികൊണ്ടിരിക്കുന്നത്.

സൗബിന്റെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് ജൂതൻ. ചിത്രം സംവിധാനം ചെയ്യുന്നത് ഭദ്രനാണ്. സൗബിനൊപ്പം റിമ കല്ലുങ്കൽ നായിക ആയി എത്തുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിനാല് വർഷങ്ങൾക്ക് ശേഷം ഭദ്രൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം നിർമ്മിക്കുന്നത് റൂബി ഫിലിമ്സിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമൻ എന്നിവർ ചേർന്നാണ്.

സൗബിൻ നായകനായി എത്തുന്ന മറ്റൊരു ചിത്രമാണ് അമ്പിളി. ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്.