ഇന്ദ്രജിത്തും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങള്‍; ‘താക്കോല്‍’ ഒരുങ്ങുന്നു

July 2, 2019

ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. താക്കോല്‍ എന്നാണ് സിനിമയുടെ പേര്. നവാഗതനായ കിരണ്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാള ചലച്ചിത്ര ലോകത്തിന് ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ഷാജി കൈലാസ് ആണ് താക്കോല്‍ എന്ന സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന സിനിമയുടെ തിരക്കഥ രചനയിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരന്‍ കൂടിയാണ് കിരണ്‍ പ്രഭാകരന്‍. അരനാഴിക നേരം എന്ന സീരിയലിന്റെ തിരക്കഥക്ക് സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടിയിരുന്നു.

അതേസമയം ഇന്ദ്രജിത്ത് നായകനായെത്തുന്ന’ ആഹാ’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വടം വലി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. എഡിറ്ററായ ബിബിന്‍ പോള്‍ സാമുവലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ആഹാ’.

Read more:ഫുട്‌ബോള്‍ കോച്ചായ മൈക്കിള്‍; ‘ബിഗിലി’ലെ ഒരു വിജയ് കഥാപാത്രം ഇങ്ങനെ

കോട്ടയത്തെ നീളൂര്‍ ഗ്രാമമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാകുന്നത്. റബ്ബര്‍ ടാപ്പിങ്, കാറ്ററിംഗ് പോലുള്ള ജോലികള്‍ ചെയ്യുന്നവരെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ കഥ. വടംവലി ഇവരുടെ ജീവിതത്തെ സൂപ്പര്‍ സ്റ്റാറുകളാക്കുന്നു. കേരളത്തിലെതന്നെ ഏറെ പ്രശസ്തമായ വടംവലി ടീമാണ് കോട്ടയം നീളൂരിലെ ആഹാ. തൊണ്ണൂറുകളില്‍ സ്ഥാപിക്കപ്പെട്ട ആഹാ ടീം പങ്കെടുത്തിട്ടുള്ള കളികളില്‍ 72 എണ്ണത്തിലും വിജയം നേടി.പ്രേം എബ്രഹാമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രത്തിന്റെ എഡിറ്റിംഗും ബിബിന്‍ പോള്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.