കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വിമാനത്താവളത്തിൽ കിടന്നുറങ്ങുന്ന ടൊവീനോ; വൈറലായി ചിത്രങ്ങൾ

July 9, 2019

ടൊവിനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06’.  നവാഗതനായ സ്വപനേഷ് കെ നായരാണ് ചിത്രം  സംവിധാനം ചെയ്യുന്നത്.  ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഇപ്പോഴിതാ വിമാനത്താവളത്തിൽ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് നിലത്തുറങ്ങുന്ന ടൊവീനോയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സംഗീത സംവിധായകൻ കൈലാസ് മേനോനാണ് ടൊവീനോയുടെയും സംഘത്തിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കഠിനമായ കാലാവസ്ഥയിൽ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ്‌ എയർപോർട്ടിൽ എത്തിയ ‘എടക്കാട് ബറ്റാലിയൻ 06’ ക്രൂ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സിനിമയുടെ മറ്റ് ചില ലൊക്കേഷന്‍ വീഡിയോകളും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേഹത്ത് തീ പടരുമ്പോള്‍ ഒരു കുഞ്ഞിനെയും എടുത്ത് ടൊവിനോ വെള്ളത്തിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടിരുന്നു. മഞ്ഞിൽ കളിക്കുന്ന ടൊവിനോയുടെയും സംയുക്തയുടെയും ചിത്രങ്ങളും നേരത്തെ വൈറലായിരുന്നു. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ  തയാറാക്കുന്നത്. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസ്, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷർ നെഞ്ചേറ്റിയ താരജോഡികളാണ് ടൊവിനോ തോമസും സംയുക്ത മേനോനും. പുതിയ ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നുവെന്ന് വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ് ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’. ലൂക്ക എന്നീ ചിത്രങ്ങൾ. സലീം അഹമ്മദാണ് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു സംവിധാനം ചെയ്യുന്നത്. അതോടൊപ്പം തന്നെ തിയേറ്ററിൽ മികച്ച പ്രതികരണം നേടുകയാണ് അരുൺ സംവിധാനം നിർവഹിച്ച ലൂക്ക.