ചന്ദ്രോത്ത് പണിക്കരെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; മാമാങ്കം ഒരുങ്ങുന്നത് അഞ്ച് ഭാഷകളിൽ
താരങ്ങളുടെ വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പംതന്നെ താരങ്ങളുടെ ചില കഥാപാത്രങ്ങളെയും ചിത്രങ്ങളെയും ഏറ്റെടുക്കാറുണ്ട് ആരാധകർ. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന മാമാങ്കം എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചന്ദ്രോത്ത് പണിക്കര്‍ എന്നാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മുണ്ട് ഉടുത്ത് കഴുത്തില്‍ വേഷ്ടി അണിഞ്ഞു നില്ക്കുന്ന ചന്ദ്രോത്ത് പണിക്കരുടെ ചിത്രങ്ങൾ നേരത്തെതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
അഭിനയ മികവുകൊണ്ട് വെള്ളിത്തിരയില്‍ വസന്തങ്ങള്‍ തീര്‍ക്കുന്ന മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് മാമാങ്കം. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ചില ലൊക്കേഷന്‍ കാഴ്ചകളും അടുത്തിടെ സാമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രാചി തെഹ്ലാന് ആണ് മാമാങ്കത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.
Read also: ഈ കുരുന്നുകളുടെ സ്ഥാപനത്തിന് പിന്നിലൊരു കഥയുണ്ട്; സ്നേഹത്തിന്റെയും വേദനയുടെയും കാരുണ്യത്തിന്റെയും കഥ
എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നവാഗതനായ സജീവ് എസ് പിള്ളയുടെ സംവിധാനത്തിലായിരുന്നു ചിത്രത്തിന്റെ തുടക്കം. എന്നാല്‍ നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സജീവ് എസ് പിള്ള പിന്മാറുകയും എം പത്മകുമാര്‍ ചിത്രം ഏറ്റെടുക്കുകയുമായിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. അമ്പത് കോടിയോളം മുതല്‍ മുടക്കിയാണ് ചിത്രത്തിന്റെ നിര്‍മ്മാണമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം മലയാളത്തിനു പുറമെ തെലുങ്കിലും ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്.