‘നഷ്‌ടപ്പെട്ട കരുത്ത് പല്ലവിയിലൂടെ തിരിച്ചുകിട്ടി’; ‘ഉയരെ’യുടെ നൂറാം ദിനം ആഘോഷിച്ച് താരങ്ങൾ

July 29, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ഉയരെ’ എന്ന ചിത്രം. ചിത്രം വിജയകരമായി നൂറ് ദിനങ്ങൾ പിന്നിട്ടു. പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ച  ചിത്രത്തിന്റെ നൂറാം ദിനം അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചു. കൊച്ചിയിലെ ഐ എം എ ഹാളിലായിരുന്നു ചിത്രത്തിന്റെ വിജയാഘോഷം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍വതിയും ആസിഫ് അലിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.  പാർവതിയുടെ ശക്തമായ തിരിച്ചുവരവ് അറിയിക്കുന്ന ചിത്രം കൂടിയായിരുന്നു ഉയരെ. നഷ്ടപ്പെട്ട കരുത്ത് പല്ലവി രവീന്ദ്രൻ എന്ന കഥാപത്രത്തിലൂടെ തനിക്ക് തിരിച്ചുകിട്ടിയെന്ന് താരം ചടങ്ങിൽ പറഞ്ഞു.

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീ മുകിലോ’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. ഈ ഗാനം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പ്രണയഭാവത്തിന്റെ വേരാഴ്ത്തുന്നു. പാര്‍വ്വതിയും ആസിഫ് അലിയുമാണ് ഗാനരംഗത്ത് നിറഞ്ഞ് നില്‍ക്കുന്നത്. മനോഹരമായ ഈ ഗാനരംഗത്ത് ഉടനീളം ഇരുവരുടെയും പ്രണയം നിറഞ്ഞു നില്‍ക്കുന്നു.

എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാള ചലച്ചിത്ര ലോകത്ത് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സില്‍ നിന്നും പുറത്തുവരുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് എസ് ക്യൂബ് ഫിലിംസ്. കൊച്ചി, മുംബൈ, ആഗ്ര ധുലെ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു ഉയരെ എന്ന സിനിമയുടെ ചിത്രീകരണം. സിദ്ധിഖ്, പ്രേം പ്രകാശ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.