ഇതാണ് വിജയ് പറഞ്ഞ ആ സർപ്രൈസ്

July 2, 2019

ചെറിയ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്‍ജ്ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട പ്രേക്ഷക ഹൃദയം കീഴടക്കിയത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തില്‍ പോലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയവും ഡാന്‍സുമെല്ലാം വെള്ളിത്തിരയില്‍ കൈയടി നേടുന്നു. ഇപ്പോഴിതാ താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ‘ഡിയര്‍ കൊമ്രേഡ്’. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും എത്തുന്ന ചിത്രം ദേവരകൊണ്ട ആരാധകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുണ്ട്.

ഇപ്പോഴിതാ വിജയ് ദേവരകൊണ്ട നേരത്തെ പറഞ്ഞ ഒരു സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ്  ഡിയര്‍ കൊമ്രേഡ് എന്ന ചിത്രത്തിന്റെ അണിയറക്കാര്‍. മലയാളികളായ തങ്ങളുടെ സിനിമാറ്റോഗ്രഫറെയും എഡിറ്ററെയും തമിഴില്‍ നിന്നുള്ള സംഗീത സംവിധായകനെയും തെലുങ്കില്‍ നിന്നുള്ള സംവിധായകനെയും നൃത്ത സംവിധായകനെയും കന്നഡയില്‍ നിന്നുള്ള മറ്റൊരു അണിയറപ്രവര്‍ത്തകയെയും പരിചയപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോയും ദേവരകൊണ്ട ട്വീറ്റ് ചെയ്തിരുന്നു.

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഗാന രംഗത്തെ വിജയ് ദേവരക്കൊണ്ടയുടെ എനര്‍ജി ലെവലിനെ പ്രശംസിച്ചുകൊണ്ട് ചലച്ചിത്രലോക എത്തിയിരുന്നു. അതേസമയം ഒറ്റ ഷോട്ടിലാണ് ഈ കാന്റീന്‍ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഇതുതന്നെയാണ് ഈ മനോഹര ഗാനത്തിന്റെ മുഖ്യ ആകര്‍ഷണവും. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ആണ് മലയാളത്തില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഭരത് കമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. കന്നട, തമിഴ്, മലയാളം എന്നീ മൂന്നുഭാഷകളില്‍ ചിത്രം തീയറ്ററുകളിലെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ടാക്‌സിവാല എന്ന സിനിമയ്ക്ക് ശേഷം വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ശ്രുതി രാമചന്ദ്രനും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ജൂലൈ 26 ന് ഡിയര്‍ കോമ്രേഡ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.