‘ഈ ചിത്രത്തില്‍ മൂന്നുപേരുണ്ട്’; മകന്റെ പിറന്നാള്‍ ദിനത്തില്‍ മറ്റൊരു സര്‍പ്രൈസ്‌ പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

July 1, 2019

നടനും സംവിധായകനും ഗായകനായുമെല്ലാം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോഴിതാ ആരാധകരോടായി പുതിയൊരു വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം. വിനീത് ശ്രീനിവാസന്‍ രണ്ടാമതും അച്ഛനാകാന്‍ പോകുന്നു. മകന്‍ വിഹാന്‍ രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ദിനത്തിലാണ് വിനീത് ശ്രീനിവാസന്‍ പുതിയ വിശേഷം ആരാധകരോടായി പങ്കുവച്ചത്. അതും ഒരല്പം വെറൈറ്റിയായി. ഭാര്യ ദിവ്യ നാരായണനും മകന്‍ വിഹാനും കടലോരത്ത് നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് വിനീത് കുറിച്ചു. ‘ ഈ ചിത്രത്തില്‍ മൂന്നുപേരുണ്ട്.’ ‘എന്റെ മകന് ഇന്ന് രണ്ട് വയസാവുകയാണ്. അവന്റെ അമ്മ അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ പുതിയ ഒരു കുഞ്ഞിനുകൂടി ജന്മം നല്‍കും. അങ്ങനെ ഈ ചിത്രത്തില്‍ മൂന്നുപേരുണ്ട്.’ വിനീത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിരവധി പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തി.

അതേസമയം ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ ആണ് വിനീത് ശ്രീനിവാസനെത്തുന്ന പുതിയ ചിത്രം. ഗിരീഷ് എ ഡിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയുമാണ് ചിത്രത്തിന്റെ ഛായാഗ്രഹണംനിര്‍വ്വഹിക്കുന്നത്. ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:ഒറ്റ ഷോട്ട്, കിടിലന്‍ എനര്‍ജി; അതിശയിപ്പിച്ച് വിജയ് ദേവരക്കൊണ്ട; മനോഹരം ഈ ‘കാന്‍റീന്‍’ ഗാനം

വിനീത് ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘മനോഹരം’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അനവര്‍ സാദത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അന്‍വര്‍ സാദത്ത് തന്നെയാണ് ‘മനോഹരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. പാലക്കാട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. അതേസമയം പുതുമുഖ താരമാണ് മനോഹരത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായെത്തുന്നത്. സംവിധായകരായ ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, വി കെ പ്രകാശ് എന്നിവര്‍ക്കൊപ്പം ഹരീഷ് പേരാടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും മനോഹരത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് തോമസാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിക്കുന്നത്.