പൊരുതിത്തോറ്റ് അഫ്ഗാനിസ്ഥാൻ; വിൻഡീസിന് 23 റൺസ് ജയം

July 4, 2019

വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പൊരുതിത്തോറ്റു. 23 റൺസിനായിരുന്നു ലോകകപ്പിലെ വിൻഡീസിൻ്റെ രണ്ടാം ജയം. 312 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 288 റൺസിന് എല്ലാവരും പുറത്തായി. 86 റൺസെടുത്ത ഇക്രം അലി ഖിൽ ആണ് അഫ്ഗാനിസ്ഥാൻ്റെ ടോപ്പ് സ്കോറർ. 4 വിക്കറ്റിട്ട കാർലോസ് ബ്രാത്‌വെയ്റ്റാണ് വിൻഡീസ് ബൗളിംഗിനെ നയിച്ചത്.

തകർച്ചയോടെയാണ് അഫ്ഗാനിസ്ഥാൻ ഇന്നിംഗ്സ് ആരംഭിച്ചത്. രണ്ടാം ഓവറിൽ തന്നെ കെമാർ റോച്ച് ക്യാപ്റ്റൻ ഗുൽബദിൻ നയ്ബിനെ പുറത്താക്കി. 5 റൺസെടുത്ത നയ്ബ് എവിൻ ലൂയിസിനു പിടികൊടുത്ത് മടങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇക്രം അലി ഖില്ലും റഹ്മത് ഷായും ചേർന്ന കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. സാവധാനം തുടങ്ങിയ ഇക്രം മെല്ലെ വേഗത കണ്ടെത്തിയതോടെ സ്കോർ കുതിച്ചു. ഇരുവരും ചേർന്ന് 133 റൺസാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 27ആം ഓവറിൽ കാർലോസ് ബ്രാത്‌വെയ്റ്റാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 62 റൺസെടുത്ത റഹ്മത് ഷായെ ക്രിസ് ഗെയിലിൻ്റെ കൈകളിലെത്തിച്ച ബ്രാത്‌വെയ്റ്റ് മത്സരത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി.

തുടർന്ന് നജിബുല്ല സദ്രാൻ ഇക്രം അലിയുമായി ഒത്തു ചേർന്നു. ഇരുവരും നന്നായി ബാറ്റ് ചെയ്തതോടെ വീണ്ടും അഫ്ഗാനിസ്ഥാൻ ട്രാക്കിലായി. 36ആം ഓവറിൽ ഇക്രമിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ഗെയിൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 86 റൺസെടുത്ത ഇക്രം മൂന്നാം വിക്കറ്റിൽ നജിബുല്ലയുമായി 51 റൺസ് കൂട്ടിച്ചേർത്തിട്ടാണ് മടങ്ങിയത്. ആ ഓവറിൽ തന്നെ നജീബുല്ലയും (31) മടങ്ങി. രണ്ടാം റണ്ണിനായി ഓടിയ നജീബുല്ല റണ്ണൗട്ടാവുകയായിരുന്നു.

മുഹമ്മദ് നബി (2), സമിയുല്ല ഷൻവാരി (6), എന്നിവർ വേഗം പുറത്തായി. ഇരുവരെയും കെമാർ റോച്ചാണ് പുറത്താക്കിയത്. നബിയെ ഫേബിയൻ അലൻ കൈപ്പിടിയിലൊതുക്കിയപ്പോൾ ഷൻവാരി ഹെട്‌മയറുടെ കൈകളിൽ അവസാനിച്ചു. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ച് നിന്ന അസ്ഗർ അഫ്ഗാൻ (40) ബ്രാത്‌വെയ്റ്റിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ വിൻഡീസ് ജയം ഉറപ്പിച്ചു. റാഷിദ് ഖാൻ (9), ദൗലത് സദ്രാൻ (1) എന്നിവരും പെട്ടെന്ന് മടങ്ങി. ബ്രാത്‌വെയ്റ്റിനായിരുന്നു ഇരുവരുടെയും വിക്കറ്റ്. റാഷിദിനെ ജേസൻ ഹോൾഡറും സദ്രാനെ ഷെൽഡൻ കോട്രലും പിടിച്ച് പുറത്താക്കി. മത്സരത്തിൻ്റെ അവസാന പന്തിൽ സയിദ് ഷിർസാദിനെ (25) ഉജ്ജ്വലമായ ക്യാച്ചിലൂടെ പുറത്താക്കിയ ഫേബിയൻ അലൻ അഫ്ഗാനിസ്ഥാൻ ഇന്നിംഗ്സിനു തിരശീലയിട്ടു. ഒഷേൻ തോമസിനായിരുന്നു വിക്കറ്റ്.