തണ്ണീർ മത്തൻ ടീം വീണ്ടും ഒന്നിക്കുന്നു; സംവിധായകനും നായകനും ആകാൻ ഒരുങ്ങി ജോയ്സൺ
പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസനും ഒരു കൂട്ടം ചെറുപ്പക്കാരും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന ചിത്രം. ഇപ്പോഴിതാ തണ്ണീർ മത്തൻ ദിനങ്ങളുടെ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. പ്ലാൻ ജെ സിനിമാസിന്റെ ബാനറിൽ ജോമോൻ ടി. ജോൺ– ഷമീർ മുഹമ്മദ് എന്നിവർ ചേർന്നു നിർമിക്കുന്ന പുതിയ ചിത്രത്തിൽ ഡിനോയ് പൗലോസ് നായകനും സംവിധായകനും ആകുന്നു.
പ്രേക്ഷകർ നെഞ്ചോട് ചേർത്തുവച്ച ഒരു കഥാപാത്രമാണ് തണ്ണീർ മത്തൻ ദിനങ്ങളിലെ ഡിനോയ് പൗലോസിന്റെ ജോയ്സൺ. പ്രധാന കഥാപാത്രം ജൈയ്സന്റെ ചേട്ടനായി എത്തിയ താരം പഠനം കഴിഞ്ഞ് ജോലിയില്ലാതെ വീട്ടിൽ നിൽക്കുന്ന ഒരു സാധാരണ മലയാളിയെയാണ് വെള്ളിത്തിരയിൽ എത്തിച്ചത്. നാട്ടുകാരുടെ സ്ഥിരം പല്ലവി ‘ജോലിയായില്ലേ..’? എന്ന ചോദ്യം കേട്ട് മടുത്ത ഒരു പാവം ക്രിക്കറ്റ് ഭ്രാന്തനായ ഒരു യുവാവ്. അഭിനയത്തിന് പുറമെ സംവിധായകൻ എ ഡി ഗിരീഷിനൊപ്പം തിരക്കഥയിലും ഡിനോയ് തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഇപ്പോൾ തണ്ണീർ മത്തൻ ടീമിന്റെ തന്നെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോയ് ആണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡിനോയ് തന്നെ എന്നത് ഏറെ ശ്രദ്ധേയം.
Read also: ‘സുരക്ഷിതരാണ്’; പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് സനല്‍ കുമാര്‍ ശശിധരന്
ലളിതമായ അവതരണ രീതിയിലൂടെ പ്രേക്ഷകരിലേക്ക് തണ്ണീർ മത്തൻ ദിനങ്ങളെ എത്തിക്കുവാൻ സംവിധായകൻ ഗിരീഷ് എ ഡിയ്ക്കും അണിയറ പ്രവർത്തകർക്കും സാധിച്ചിരുന്നു. സ്കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയിട്ടുള്ള ചിത്രം പ്രേക്ഷകരെ സ്കൂൾ കാലഘട്ടത്തിന്റെ മനോഹര ഓർമ്മകളിലേക്ക് എത്തിക്കുന്ന ഒരു കൊച്ചു ചിത്രമാണ്.
തിയേറ്ററിൽ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രം കേള്‍വിയില്‍ പുതുമ പകരുന്ന ഗാനങ്ങളിലൂടെയും ചിത്രത്തെ മികച്ചതാക്കിയിരുന്നു. സ്കൂൾ കാലഘട്ടത്തിൽ ഉണ്ടാകുന്ന എല്ലാ വികാരങ്ങളെയും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ ചിത്രവുമായി തണ്ണീർമത്തൻ ടീം വീണ്ടും എത്തുമ്പോൾ ഏറെ ആകാംക്ഷയിലാണ് സിനിമ ലോകം.