‘എടോ കിച്ചണെവിടെയാ..? അടുക്കളയിലായിരിക്കും സാര്‍…’ ചിരിപ്പിച്ച് ‘പട്ടാഭിരാമന്‍’ ടീസര്‍

August 23, 2019

മലയാള ചലച്ചിത്രലോകത്ത് അഭിനയ മികവുകൊണ്ടു  ശ്രദ്ധേയനായ നടനാണ് ജയറാം. കുടുംബപ്രേക്ഷകരുടെ ഇഷ്ട നായകന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘പട്ടാഭിരാമന്‍’. കണ്ണന്‍ താമരക്കുളമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാളികള്‍ക്ക് ഒരുപിടി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ ഹരിഷ് കണാരനും ധര്‍മ്മജനും ചിത്രത്തിലെത്തുന്നുണ്ട്. പ്രേക്ഷകര്‍ക്കിടയില്‍ ചിരി പടര്‍ത്തുകയാണ് ‘പട്ടാഭിരാമന്‍’ എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍. അതേസമയം പട്ടാഭിരാമന്‍ ഇന്നു മുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു.

കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയും പട്ടാഭിരാമനുണ്ട്. ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’, ‘ആടുപുലിയാട്ടം’, ‘അച്ചായന്‍സ്’, എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് ചിത്രങ്ങള്‍. ‘പട്ടാഭിരാമന്‍’ എന്ന ചിത്രത്തില്‍ പേരുകേട്ട ഒരു പാചകക്കാരന്റെ വേഷത്തിലാണ് ജയറാം എത്തുന്നത്. എബ്രഹാം മാത്യു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ദിനേഷ് പള്ളത്തിന്റേതാണ് ‘പട്ടാഭിരാമന്‍’ എന്ന സിനിമയുടെ തിരക്കഥ. ബൈജു സന്തോഷ്, ധര്‍മ്മജന്‍, പ്രേംകുമാര്‍, സായ്കുമാര്‍, ദേവന്‍, നന്ദു, പാര്‍വ്വതി നമ്പ്യാര്‍, അനുമോള്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
;

Read more:മഹാരോഗങ്ങളോട് പോരാടുന്നവര്‍ക്ക് സഹായഹസ്തവുമായി ഫ്ളവേഴ്‌സ് അനന്തരം ടീം: ചിത്രങ്ങള്‍

അനശ്വരമായ കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങുന്ന താരമാണ് ജയറാം. ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജയറാമിന്റെ ജനനം. കോളേജ് പഠനകാലത്ത് മിമിക്രിയില്‍ നിറസാന്നിധ്യമായിരുന്നു താരം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കലാഭവന്റെ ഭാഗമായി. പത്മരാജന്‍ സംവിധാനം നിര്‍വ്വഹിച്ച ‘അപരന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സനിമയിലേക്കുള്ള ജയറാമിന്റെ അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് നിരവധി സിനിമകളില്‍ താരം തിളങ്ങി. ജയറാമിന്റെ കഥാപാത്രങ്ങളൊക്കെയും വെള്ളിത്തിരയില്‍ ശ്രദ്ധേയമായിട്ടുണ്ട്.

‘മൂന്നാംപക്കം’, ‘മഴവില്‍ക്കാവടി’, ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’, ‘സന്ദേശം’, ‘മേലേപ്പറമ്പില്‍ ആണ്‍വീട്’, ‘മാളൂട്ടി’, ‘ഇരട്ടക്കുട്ടികളുടെ അച്ഛന്‍’, ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’, ‘മനസിനക്കരെ’, ‘മയിലാട്ടം’, ‘മധുചന്ദ്രലേഖ’, ‘വെറുതെ ഒരു ഭാര്യ’, ‘നോവല്‍’, ‘സ്വപ്‌ന സഞ്ചാരി’, ‘പകര്‍ന്നാട്ടം’, ‘സീനിയേഴ്‌സ്’, ‘പഞ്ചവര്‍ണ്ണതത്ത’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജയറാം വെള്ളിത്തിരയില്‍ നിറസാന്നിധ്യമാണ്.