ദേശീയതലത്തില്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനൊരുങ്ങി തല അജിത്ത്

August 6, 2019

വെള്ളിത്തരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ക്കുന്ന തല അജിത്തിന് തെന്നിന്ത്യ ഒട്ടാകെയുണ്ട് ആരാധകര്‍. ദേശീയ തലത്തില്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് താരം. തമിഴ്‌നാട് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ തല അജിത്ത് രണ്ടാം സ്ഥാനം നേടിയിരുന്നു. തമിഴ്‌നാട്ടിലെ 45- മത് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ജില്ലകളില്‍ നിന്നുമായി 850 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

കോയമ്പത്തൂര്‍ അവിനാശി റോഡിലുള്ള പിആര്‍എസ് ഗ്രൗണ്ടിലെ ഷൂട്ടിങ് റേഞ്ചിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. മത്സരത്തില്‍ ചെന്നൈ റൈഫിള്‍ ക്ലബ്ബിനു വേണ്ടിയാണ് അജിത്ത് രംഗത്തിറങ്ങിയത്. മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ അജിത്ത് ദേശീയതലത്തിലും മത്സരിക്കും. ഡിസംബറില്‍ മധ്യപ്രദേശില്‍വെച്ചാണ് നാഷ്ണല്‍ റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്.

അതേസമയം തീയറ്ററുകളില്‍ റിലീസിങിനൊരുങ്ങുകയാണ് അജിത്ത് നായകനായെത്തുന്ന ‘നേര്‍കൊണ്ട പാര്‍വൈ’ എന്ന ചിത്രം. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഓഗസ്റ്റ് എട്ടിന് ചിത്രം തീയറ്ററുകളിലെത്തും. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തില്‍ ഒരു വക്കീല്‍ കഥാപാത്രമായാണ് തല അജിത് പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പിങ്ക്’ എന്ന സിനിമയുടെ റീമേക്ക് ആണ് ‘നേര്‍കൊണ്ട പാര്‍വൈ’. ബോണി കബൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

Read more:“അവള്‍ക്ക് സുന്ദരിയാകണേല്‍ ബ്യൂട്ടിപാര്‍ലറില്‍ പോണം; പക്ഷെ എനിക്കുണ്ടല്ലോ ഇങ്ങനൊന്ന് പിടിച്ചാല്‍ മതി”: ഹൃദയംതൊട്ട് ‘മാര്‍ഗംകളി’യിലെ രംഗം

‘പിങ്ക്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നേര്‍കൊണ്ട പാര്‍വൈയില്‍ തല അജിത് അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള അജിത്തിന്റെ ലുക്കും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ദേശീയ പുരസ്‌കാരം നേടിയ ചിത്രമായിരുന്നു പിങ്ക്. ബോക്‌സ് ഓഫീസിലും പിങ്ക് സൂപ്പര്‍ഹിറ്റായിരുന്നു.

ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ തരിയന്‍ഗ്, ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബരം, അശ്വിന്‍ റാവു, സുജിത് ശങ്കര്‍ എന്നിവരും നേര്‍കൊണ്ട പാര്‍വൈ എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും.