വെള്ളപ്പൊക്കത്തിൽ ഉടുപ്പുകളും കളിപ്പാട്ടങ്ങളും നഷ്ടപെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി തന്റെ ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക നല്കാൻ ഒരുങ്ങി ഒരു അഞ്ചുവയസുകാരൻ
കേരളം നേരിട്ട മഴക്കെടുതിയെ മനക്കരുത്തുകൊണ്ടും ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങളിലൂടെയും തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് കേരളജനത. അതിജീവനത്തിനായ് പൊരുതുന്ന കേരളത്തിന് തുണയൊരുക്കുന്നവര് നിരവധിയാണ്. കായികരംഗവും സിനിമാരംഗവും രാഷ്ട്രീയ രംഗവുമെല്ലാം കേരളത്തിന്റെ പുനര്‍ജനിക്കായി കൈകോര്‍ക്കുന്നു. കേരളത്തിന്റെ അതിജീവനത്തിനായി കൈകോർക്കുന്നവർക്കൊപ്പം താങ്ങാകുകയാണ് അഞ്ച് വയസുകാരൻ അമനും.
താൻ വരച്ചുകൂട്ടിയ ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുകയാണ് അമൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ഒരുങ്ങുന്നത്. വെള്ളപൊക്കത്തിൽ ഉടുപ്പും കളിപ്പാട്ടങ്ങളുമൊക്കെ നഷ്ടപെട്ട കുട്ടികൾക്കായി ഈ ചിത്രങ്ങൾ കൊടുത്താലോ എന്ന് ചോദിച്ചപ്പോൾ പുഞ്ചിരിയിടേയാണ് ഈ കുഞ്ഞുബാലൻ സമ്മതിച്ചത്. എന്നാൽ ഇനിയും കുറെ ചിത്രങ്ങൾ കൂടി വരയ്ക്കാമല്ലോ എന്നും അമൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2000 രൂപ ഇട്ടതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഇൻബോക്സ് ചെയ്യുന്നവർക്ക് അക്കുവിന്റെ ഈ ചിത്രം അയച്ചുകൊടുക്കും. ‘അക്കു ചന്തു കഥകൾ’ എന്ന ഫേസ്ബുക്ക് പേജിലാണ് അമൻ ഷസിയ വരച്ച ചിത്രങ്ങൾ വിൽക്കുന്ന വിവരം പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
അക്കുവിന്റെ ചിത്രങ്ങളാണ്…. ഒരു അഞ്ചുവയസുകാരന്റെ ഏറ്റവും വലിയ സമ്പാദ്യമാണ്… വെള്ളപ്പൊക്കത്തില്‍ ഉടുപ്പുകളും കളിപ്പാട്ടങ്ങളുമൊക്കെ ഒഴുകിപ്പോയ കുഞ്ഞികുട്ടികൾക്ക് വേണ്ടി ഈ ചിത്രങ്ങൾ കൊടുത്താലോ എന്ന് ചോദിച്ചപ്പോൾ അവൻ സന്തോഷത്തോടെ സമ്മതിച്ചിട്ടുണ്ട്… “എന്നാൽ നമുക്കിനീം കൊറെ വരക്കാല്ലേ ചക്കൂ”ന്ന് ആവേശത്തോടെ പറയുന്നുണ്ട്….മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 2000 രൂപ ഇട്ടതിന്റെ സ്ക്രീൻഷോട്ട് ഇൻബോക്സ് ചെയ്യുന്ന ആർക്കും അഡ്രസ് തന്നാൽ ഇതിൽ നിന്നും ഇഷ്ടപ്പെട്ട ഒരുചിത്രം അയച്ചു തരുന്നതായിരിക്കും…. എല്ലാം ഫ്രെയിം ചെയ്ത ചിത്രങ്ങളാണ്.
അതേസമയം അക്കുവിന്റെ ആദ്യ ചിത്രം വാങ്ങിച്ച ആളുടെ വിവരങ്ങളും ഈ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ആദ്യമായാണ് അക്കുവിന്റെ ചിത്രങ്ങൾ വിൽക്കുന്നത്. ഈ തുക നല്ല കാര്യത്തിന് ചിലവാക്കാൻ പറ്റുന്നതിന്റെ സംതൃപ്തിയിലാണ് ഈ കുരുന്നിന്റെ പ്രിയപ്പെട്ടവർ.