വിഷ്ണു വിശാലും അമലാ പോളും കേന്ദ്ര കഥാപാത്രങ്ങളായി പുതിയ ചിത്രം

August 22, 2019

‘രാക്ഷസന്‍’ എന്ന തമിഴ് സിനിമയിലൂടെ വിജയജോഡികള്‍ എന്നു പേരു ലഭിച്ച താരങ്ങളാണ് വിഷ്ണു വിശാലും അമലാ പോളും. രാക്ഷസനിലെ ഈ വിജയ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. തെലുങ്ക് ചിത്രമായ ‘ജേര്‍സി’യുടെ തമിഴ് റീമേക്കിലണ് വിഷ്ണു വിശാലും അമലാ പോളും ഒരുമിച്ചെത്തുന്നത്. നെല്‍സണ്‍ വെങ്കടേശനാണ് ജോര്‍സിയുടെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത്.

‘ജേര്‍സി’ എന്ന തെലുങ്ക് ചിത്രത്തില്‍ നാനി ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചതും. ഒരു ക്രിക്കറ്റ് താരം ഇടവേളയ്ക്ക് ശേഷം തിരിച്ചെത്താന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

Read more:മകളെ നെഞ്ചോട് ചേര്‍ത്ത് ശരണ്യ മോഹന്‍റെ താരാട്ടുപാട്ട്; കൈയടിച്ച് സോഷ്യല്‍മീഡിയ

അതേസമയം കഴിഞ്ഞവര്‍ഷം തമിഴില്‍ ഏറ്റവും മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘രാക്ഷസന്‍’. സൈക്കോ ത്രില്ലര്‍ എന്ന് എളുപ്പത്തില്‍ വിശേഷിപ്പിക്കാവുന്ന ‘രാക്ഷസന്‍’ എന്ന ചിത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ചിത്രം തെലുങ്കിലേയ്ക്കും റീമേക്ക് ചെയ്തിരുന്നു. രാംകുമാറാണ് തമിഴില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം കണ്ടിറങ്ങിയവരുടെ ഉള്ളില്‍ ആഴത്തില്‍ ഇടംപിടിച്ചിരുന്നു രാക്ഷസനിലെ ചില മാജിക് രംഗങ്ങള്‍. രാക്ഷസനിലെ വിഷ്ണു വിശാലിന്റെയും അമലാ പോളിന്റെയും അഭിനയവും കൈയടി നേടിയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സൈക്കോ കൊലയാളി ക്രിസ്റ്റഫറിനെ വെള്ളിത്തിരയില്‍ എത്തിച്ചത് ശരവണനായിരുന്നു. തീയറ്ററുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ശരവണന്റേത്.