സണ്ണിക്ക് പുതിയ സ്വപ്നങ്ങള്‍ വാഗ്ദാനം ചെയ്ത് ‘അനന്തരം’
രോഗങ്ങളുടെ പിടിയിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന നിരവധി പേര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്ളവേഴ്സ് ടിവിയിലെ അനന്തരം പരിപാടി. ഈ പരിപാടിയിലൂടെ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുന്നു. ഇവരുടെ യാതനകള്‍ മനസിലാക്കി അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്.
പുനലൂര്‍, കലയനാട് സ്വദേശിയാണ് സണ്ണി. ഒരു അപകടമാണ് സണ്ണിയുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടേയും മേല്‍ കരിനിഴല്‍ വീഴ്ത്തിയത്. അപകടത്തില്‍ രണ്ട് കാലുകളും വലതു കൈയും സണ്ണിക്ക് നഷ്ടമായി.
2005 ലായിരുന്നു അപകടം. റെയില്‍വേ ക്രോസിങിനിടെ തലകറങ്ങി വീണാണ് അപകടമുണ്ടായത്. വര്‍ഷങ്ങളോളം ഹോസ്പിറ്റലുകളില്‍ ചികിത്സ തേടി. പിന്നീട് ഇടതുകൈ ഉപയോഗിച്ച് ചിത്രം വരച്ചു തുടങ്ങി. ഒരു വര്‍ഷം മുമ്പുവരെ ഈ ചിത്രങ്ങള്‍ വില്‍ക്കുമായിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഇപ്പോള്‍ ചിത്രം വരയ്ക്കാനുള്ള സാഹചര്യവുമില്ല. ആകെയുണ്ടായിരുന്ന വീടും സ്ഥലവും ചികിത്സാ ചിലവിനു വേണ്ടി ബാങ്കില്‍ പണയപ്പെടുത്തി. സണ്ണിയുടെ ഭാര്യയും അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നുപോയതാണ്.
അനന്തരം പരിപാടിയിലൂടെ സണ്ണിയെയും കുടുംബത്തെയുംകുറിച്ച് കണ്ടറിഞ്ഞ പ്രേക്ഷകര്‍ സഹായഹസ്തവുമായെത്തുന്നു.