ധനുഷ് – മഞ്ജു വാര്യര്‍ ചിത്രം അസുരന്‍ ഓക്ടോബര്‍ നാലിന്

August 20, 2019

ചലച്ചിത്രലോകത്ത് ശ്രദ്ധേയമാവുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യരുടെ പുതിയ മേയ്ക്ക് ഓവര്‍. ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അസുരന്‍ എന്ന പുതിയ ചിത്രത്തിനുവേണ്ടിയുള്ളതാണ് മഞ്ജു വാര്യരുടെ കിടിലന്‍ മേക്ക് ഓവര്‍. വട്ടപൊട്ടും കൈനിറയെ വളകളുമിട്ട് ധനുഷിനോട് ചേര്‍ന്നു നില്‍ക്കുന്ന മഞ്ജു വാര്യരുടെ പോസ്റ്ററാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അന്യഭാഷയിലേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് അസുരന്‍.

മഞ്ജു വാര്യര്‍ തന്നെയാണ് തന്റെ പുതിയ ലുക്ക് ആരാധകര്‍ക്കായി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിക്കുന്നതും.’വെക്കൈ’ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്‍’ ഒരുങ്ങുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

എന്നാല്‍ ചിത്രത്തിന്റെ കഥാപ്രമേയത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് അസുരന്റെ നിര്‍മ്മാണം. ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും അസുരനുണ്ട്.