കുമ്പളങ്ങിയിലേത് പോലെ ‘കവര് പൂത്ത്’ ചെന്നൈയിലെ ബീച്ചുകള്‍; വൈറലായി വീഡിയോ

August 19, 2019

ശ്യാം പുഷ്‌കര്‍ സംവിധാനം നിര്‍വ്വഹിച്ച ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച ബോണി എന്ന കഥാപാത്രം കൂട്ടുകാരിയേയുംകൂട്ടി കവര് പൂത്തുകിടക്കുന്നത് കാണാന്‍ പോയത് ഓര്‍മ്മയില്ലേ… എന്നാല്‍ വെള്ളിത്തിരയിലല്ല, ചെന്നൈയിലെ ബീച്ചുകളില്‍ കവരടിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ ബീച്ചുകളില്‍ കവര് പൂത്തത്. നിരവധിയാളുകള്‍ ബീച്ചിന്റെ മനോഹരമായ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ബയോലൂമിനസെന്‍സ് എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. കടലും കായലും കൂടിച്ചേരുന്ന ഇടങ്ങളിലാണ് സാധാരണയായി ഈ പ്രതിഭാസം കാണപ്പെടുന്നത്. ബയോലൂമിനസെന്‍സ് പ്രതിഭാസത്തെ ‘തണുത്ത വെളിച്ചം’ എന്നും വിശേഷിപ്പിക്കാറുണ്ട്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് എന്നിവ പോലുള്ള സൂഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. ഇതേ പ്രതിഭാസം തന്നെയാണ് ചെങ്കടലിന്റെ ചുവപ്പ് നിറത്തിനും കാരണം.

ചിലയിനം ജെല്ലി ഫിഷുകള്‍, ചില മത്സ്യങ്ങള്‍ എന്നിവയ്ക്കും ഇത്തരത്തില്‍ പ്രകാശം പുറത്തുവിടാനുള്ള കഴിവുണ്ട്. ശത്രുക്കളില്‍ നിന്നും രക്ഷ നേടാനും ഇണയെയും ഇരയെയുമൊക്കെ ആകര്‍ഷിക്കാനും സൂഷ്മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്താറുണ്ട്.