ജയസൂര്യയ്ക്ക് പിറന്നാൾ ആശംസകളുമായി ‘തൃശൂർ പൂരം’ ടീം

August 31, 2019

അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ജയസൂര്യയ്ക്ക് ഇന്ന് പിറന്നാൾ. പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകളുമായി എത്തുകയാണ്  ആരാധകരും സിനിമ പ്രേമികളും. താരത്തിന് വ്യത്യസ്തമായൊരു പിറന്നാൾ ആശംസകളുമായി എത്തുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം തൃശൂർ പൂരത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ടാണ് താരത്തിന് പിറന്നാൾ ആശംസകളുമായി തൃശൂർ പൂരത്തിന്റെ അണിയറ പ്രവർത്തകർ എത്തിയത്.

തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ചിത്രമാണ് ‘തൃശൂർ പൂരം’. ചിത്രം സംവിധാനം നിർവഹിക്കുന്നത് രാജേഷ് മോഹനാണ്. സംഗീത സംവിധായകൻ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. തൃശൂരിന്റെ വികാരം കൂടിയായ പൂരം സിനിമയാകുമ്പോൾ ഏറെ ആവേശത്തോടെയാണ് തൃശൂർ ജനത. തൃശൂർ പൂരം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിങ് പൂരപ്പറമ്പിൽ വച്ചുതന്നെയാണ് നടന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത.

പൂരക്കാഴ്ചകൾക്ക് ആവേശം ഏറെയാണ്. ആനച്ചമയങ്ങളും കുടമാറ്റവുമൊക്കെ ആവേശം പകരുന്ന തൃശൂർ നഗരത്തിലെ വാദ്യമേളവും വെടിക്കെട്ടുമൊക്കെ തൃശൂരിന് ഏറെ ആവേശം പകരാറുണ്ട്. തൃശൂർ പൂരത്തിന്റ ഏറ്റവും ശ്രദ്ധേയവും ആകര്ഷണീയവുമായ ചടങ്ങുകളും ചിത്രത്തിൽ ഉണ്ടാകും.

Read also: വരിക്കാശ്ശേരി മനയിൽ നിന്നും ഒരു മമ്മൂട്ടി ചിത്രം; ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ജന്മം കണ്ട് തൃശൂരുകാരനല്ലെങ്കിലും കർമ്മം കൊണ്ട് തൃശൂരൂകാരനായ ജയസൂര്യ ചിത്രത്തിൽ നായകനായി എത്തുന്നതും ആവേശം ഇരട്ടിയാക്കുന്നുണ്ട്. ആട്, പുണ്യാളൻ അഗർബത്തീസ് എന്നീ ചിത്രങ്ങളിലും തൃശൂരുകാരനാണ് ജയസൂര്യ എത്തുന്നത്. അതേസമയം ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂർ പൂരം. അതുകൊണ്ടുതന്നെ ജയസൂര്യ വിജയ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ താരത്തിന്റേതായി അണിയറയിൽ നിരവധി ചിത്രങ്ങളാണ് ഒരുങ്ങികൊണ്ടിരിക്കുന്നത്. പൂഴിക്കടകൻ, അന്വേഷണം, മെട്രോമാൻ ഈ ശ്രീധരന്റെ ജീവിത കഥ പറയുന്ന ചിത്രം തുടങ്ങിയ ചിത്രങ്ങളും വെള്ളിത്തിരയിൽ ഒരുങ്ങുന്നുണ്ട്.