ആംബുലന്‍സിന് വഴികാട്ടിയ ബാലനെ തേടിയെത്തിയത് ധീരതയ്ക്കുള്ള പുരസ്‌കാരം

August 16, 2019

ചിലരുടെ പ്രവൃത്തികളെ ഹൃദയംകൊണ്ട് നമിച്ചുപോകാറുണ്ട്. കര്‍ണാടകയിലെ കൃഷ്ണ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ആംബുലന്‍സിന് വഴികാട്ടിയായി മുന്നേ ഓടിയ ഒരു ആറാംക്ലാസുകാരനെയും സാമൂഹ്യമാധ്യമങ്ങള്‍ ഹൃദയംകൊണ്ട് വണങ്ങിയതാണ്. വെങ്കിടേഷ് എന്ന ആ ബാലനെത്തേടി സംസ്ഥാന സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്‌കാരമെത്തി. റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ വേളയില്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ശരത് ബി ആണ് വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചത്.

Read more:മഴദുരന്തത്തിന് മീതെ സ്നേഹത്തിന്റെ പണക്കുടുക്കയുമായി കുരുന്നുകൾ

വെങ്കിടേഷ് ആംബുലന്‍സിന് വഴികാട്ടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ആകെ വൈറലായിരുന്നു. നിരവധി ആളുകളാണ് ഈ വീഡിയോ പങ്കുവച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു വെങ്കിടേഷിന്റെ ധീരമായ ഈ പ്രകടനം. കര്‍ണാടകയില്‍ മഴ കനത്തപ്പോള്‍ കൃഷ്ണ നദി കരകവിഞ്ഞു. നദി കരകവിഞ്ഞപ്പോള്‍ നദിക്ക് സമീപമുള്ള ദേവദുര്‍ഗ യാഡ്ഗില്‍ റോഡിലും നിറയെ വെള്ളം കയറി. നദിയേത് പാലമേത് എന്ന് തിരിച്ചറിയാനാവാത്ത ആവസ്ഥ. ആംബുലന്‍സിന്റെ ഡ്രൈവര്‍ പോലും പ്രതിസന്ധിയിലായ ഘട്ടം. ഈ സമയത്താണ് ആംബുലന്‍സിന് മുന്നിലൂടെ ഓടി വെങ്കിടേഷ് വഴി കാട്ടിയത്.

വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകള്‍ ഈ ബാലനെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തി.