‘ഞാന്‍ ജാക്‌സണ്‍ അല്ലെടാ’ മനോഹരഗാനവുമായി ഒരു കുഞ്ഞുമിടുക്കി; ക്യൂട്ട് വീഡിയോ

August 26, 2019

‘ഞാന്‍ ജാക്‌സണ്‍ അല്ലെടാ…ന്യൂട്ടനല്ലടാ…’അമ്പിളി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ പ്രായഭേദമന്യേ മലയാളി പ്രേക്ഷകർ ഏറ്റുപാടി തുടങ്ങിയതാണ് ഈ ഗാനം. ജോൺപോൾ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത് സൗബിൻ സാഹിർ ആയിരുന്നു. സൗബിന്‍ സാഹിറിന്റെ വിത്യസ്ത ലുക്കും പ്രകടനവുമാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ആന്റണി ദാസനാണ് ആലാപനം.

ചിത്രത്തിലെ ഈ സൂപ്പർ ഹിറ്റ് ഗാനം പാടുന്ന ഒരു കുഞ്ഞുമോളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഗായകൻ മിഥുൻ ജയരാജിന്റെ മകൾ ദക്ഷിണയാണ് ഈ ഗാനം ആലപിക്കുന്നത്. അച്ഛനൊപ്പമിരുന്ന് മനോഹരമായി ഈ ഗാനം ആലപിക്കുന്ന കുഞ്ഞുമോൾക്ക് അഭിനന്ദനവുമായി നിരവധിയാളുകളാണ് എത്തുന്നത്. ഉറുമ്പുകൾ ഉറങ്ങാറില്ല, ഗൂഢാലോചന, തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനാണ് മിഥുൻ.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ വിത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു അമ്പിളി. പൂക്കള്‍ക്കു നടുവില്‍ കൈയില്‍ നിറയെ പൂക്കളും മുഖത്ത് നിറ പുഞ്ചിരിയുമായ് നില്‍ക്കുന്ന സൗബിന്‍ സാഹിറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. ഗപ്പി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

അതേസമയം ചിത്രത്തിന്റേതായി പുറത്തുവന്ന മറ്റ് ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ‘നെഞ്ചകമേ’ എന്ന ഗാനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.